Asianet News MalayalamAsianet News Malayalam

'പുഷ്‍പ'യ്ക്ക് ലഭിച്ചത് 'ലിയോ'യ്ക്ക് ലഭിച്ചില്ല; വിജയ്‍ക്ക് നഷ്ടപ്പെട്ടത് പാന്‍ ഇന്ത്യന്‍ താരമാവാനുള്ള അവസരം

ദേശീയ മള്‍‌ട്ടിപ്ലെക്സുകളില്‍ ഇന്ന് ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണം

the opportunity for thalapathy vijay to become a pan indian star lost due to problem with leo hindi release in multiplexes nsn
Author
First Published Oct 22, 2023, 7:20 PM IST

തെന്നിന്ത്യന്‍ സിനിമകളോട് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോഴുള്ള അധിക താല്‍പര്യത്തിന് തുടക്കമിട്ടത് ബാഹുബലി ഫ്രാഞ്ചൈസിയാണ്. പിന്നീട് കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ ജനപ്രിയമായതും തെന്നിന്ത്യന്‍ സിനിമകള്‍ കാണാന്‍ ഉത്തരേന്ത്യന്‍‌ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കി. കെജിഎഫ് ഫ്രാഞ്ചൈസി, പുഷ്പ, കാന്താര പോലെയുള്ള ചിത്രങ്ങളും അവിടെ ഓളമുണ്ടാക്കി. ബാഹുബലിക്ക് ശേഷം ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും തരംഗം തീര്‍ത്തത് അല്ലു അര്‍ജുന്‍റെ തെലുങ്ക് ചിത്രം പുഷ്പ ആയിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 100 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തത്. ഇപ്പോഴിതാ വിജയിയുടെ പുതിയ തമിഴ് ചിത്രം ലിയോ മികച്ച ഓപണിംഗ് നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ റിലീസ് സംബന്ധിച്ച പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ദേശീയ മള്‍‌ട്ടിപ്ലെക്സുകളില്‍ ഇന്ന് ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ അവ എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രം ഒടിടി റിലീസ് എന്ന നിബന്ധന പാലിച്ചിരിക്കണം. പുഷ്പ ഹിന്ദി പതിപ്പ് വലിയ ഹിറ്റ് ആയപ്പോള്‍ ഒടിടി കരാര്‍ നേടിയിരുന്ന ആമസോണ്‍ പ്രൈം വീഡിയോയുമായി ചര്‍ച്ച നടത്തി അനുകൂലമായ നടപടി വാങ്ങിയെടുക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചിരുന്നു. ഇതുപ്രകാരം മറ്റ് ഭാഷകളില്‍ പുഷ്പ ഒടിടിയില്‍ എത്തിയപ്പോഴും ഹിന്ദി പതിപ്പ് എത്തിയിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് പ്രൈമില്‍ ഹിന്ദി പതിപ്പ് എത്തിയത്. എന്നാല്‍ ലിയോയുടെ കാര്യത്തില്‍ കാര്യങ്ങള്‍ അനുകൂലമായല്ല സംഭവിച്ചത്. തങ്ങള്‍ നെറ്റ്ഫ്ലിക്സുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാണ് ദേശീയ മള്‍ട്ടിപ്ലെക്സ് ശൃംഖലകള്‍ ഈ മാനദണ്ഡം ശ്രദ്ധയില്‍ പെടുത്തി രംഗത്തെത്തിയതെന്നാണ് ലിയോ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍ പറഞ്ഞത്.

മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ റിലീസ് നടന്നില്ലെങ്കിലും ഉത്തരേന്ത്യയില്‍ രണ്ടായിരത്തോളം സിംഗിള്‍ സ്ക്രീനുകളില്‍ ചിത്രമിറക്കാന്‍ അവര്‍ക്ക് ആയി. പ്രൊമോഷന്‍ പോലും തീരെയില്ലാതെയാണ് അവിടെ റിലീസ് ചെയ്തതെങ്കിലും ലഭിക്കുന്ന കളക്ഷനാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വമ്പന്‍ കളക്ഷന്‍ നേടിയ ആദ്യദിനം ഉത്തരേന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 5 കോടിയോളമായിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ ഒഴിഞ്ഞുനിന്ന സാഹചര്യത്തില്‍ ഇത് മികച്ച കളക്ഷനാണ്. തൊട്ടുപിറ്റേന്ന് റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രത്തേക്കാള്‍ മികച്ച ഓപണിംഗ് ആണ് ലിയോ നേടിയത്.

 

ഉത്തരേന്ത്യയില്‍ മികച്ച കളക്ഷന്‍ നേടാനുള്ള വലിയ സാഹചര്യമാണ് നിര്‍മ്മാതാക്കള്‍ നഷ്ടപ്പെടുത്തിയതെന്നാണ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. പിവിആര്‍ ആനോക്സ്, സിനിപൊളിസ്, മിറാഷ് അടക്കമുള്ള മള്‍ട്ടിപ്ലെക്സ് ശൃംഖലകളില്‍ റിലീസ് ചെയ്യാതിരുന്നിട്ടും ചിത്രത്തിന്‍റെ ഹിന്ദി ലൈഫ് ടൈം 20 കോടിക്ക് മുകളില്‍ സുഖമായി എത്തുമെന്നും മള്‍ട്ടിപ്ലെക്സുകള്‍ കൂടി ഉള്‍പ്പെട്ട മികച്ച റിലീസ് ലഭിച്ചിരുന്നെങ്കില്‍ ലിയോ 60 കോടി കടന്നേനെയെന്നും പ്രമുഖ അനലിസ്റ്റ് ആയ സുമിത് കദേല്‍ പറയുന്നു. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആവാനുള്ള വിജയിയുടെ വലിയ അവസരമാണ് ഇതിലൂടെ നഷ്ടമായതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ALSO READ : ഗോപിക അനിലും ​ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാവുന്നു; വിവാഹനിശ്ചയം കഴിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios