ചിത്രം കാണണമെന്നാണ് കമലിനോട് രജനി ആവശ്യപ്പെട്ടത്. എന്നിട്ട് അഭിപ്രായം പറയാനും
തമിഴിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ത്തന്നെ രജനികാന്തിനോളം ആരാധകബാഹുല്യമുള്ള മറ്റൊരു നടന്‍ അപൂര്‍വ്വമാണ്. അഞ്ച് പതിറ്റാണ്ടോളം നീളുന്ന സിനിമാജീവിതം കൊണ്ട് രജനി നേടിയെടുത്തതാണ് കോളിവുഡിലെ ഇളക്കം തട്ടാത്ത സൂപ്പര്‍സ്റ്റാര്‍ പദവി. രജനികാന്തിന്‍റെ പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെക്കുറിച്ചും പ്രശസ്തമായ പല അണിയറക്കഥകളുമുണ്ട്. അതില്‍ രസകരമായ ഒന്ന് റിലീസിന് കാല്‍ നൂറ്റാണ്ടോളമാവുന്ന പടയപ്പയെക്കുറിച്ചാണ്.
കെ എസ് രവികുമാറിന്‍റെ രചനയിലും സംവിധാനത്തിലും 1999 ല്‍ പുറത്തെത്തിയ ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെട്ട ആദ്യ തമിഴ് ചിത്രമാണ്. ചിത്രത്തിന്‍റെ 210 പ്രിന്‍റുകളാണ് ലോകമാകമാനം പ്രദര്‍ശനത്തിനെത്തിയത്. വൈഡ് റിലീസിംഗിന്റെ ഇക്കാലത്ത് ഈ സംഖ്യ നിസ്സാരമെന്ന് തോന്നാമെങ്കിലും അക്കാലത്ത് അതൊരു വഴിവെട്ടലായിരുന്നു. എന്നാല്‍ ചിത്രം റിലീസിന് തയ്യാറെടുക്കവെ കെ എസ് രവികുമാറും രജനികാന്തും ഒരു ആശങ്കയില്‍ പെട്ടു. ചിത്രത്തിന്‍റെ ദൈര്‍ഘ്യം സംബന്ധിച്ചായിരുന്നു. അതിനകം പൂര്‍ത്തിയായിരുന്ന എഡിറ്റിംഗിനുശേഷം ചിത്രത്തിനുണ്ടായിരുന്ന ദൈര്‍ഘ്യം 22 റീല്‍ ആയിരുന്നു. അതിനാല്‍ത്തന്നെ പ്രദര്‍ശനത്തിനിടയ്ക്ക് രണ്ട് ഇടവേളകള്‍ വെക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ഒരാളോട് അഭിപ്രായം ചോദിക്കാന്‍ രജനി തീരുമാനിച്ചു.

അഭിനയത്തില്‍ മാത്രമല്ല, സിനിമയുടെ സമസ്ത മേഖലകളിലും അറിവും അനുഭവപരിചയവുമുള്ള കമല്‍ ഹാസന്‍ ആയിരുന്നു അത്. ചിത്രം കാണണമെന്നാണ് കമലിനോട് രജനി ആവശ്യപ്പെട്ടത്. എന്നിട്ട് അഭിപ്രായം പറയാനും. ചിത്രം കണ്ട കമല്‍ ഹാസന്‍ സംശയമേതുമില്ലാതെ പറഞ്ഞു, ചിത്രം റീ എഡിറ്റ് ചെയ്യണം, ദൈര്‍ഘ്യം കുറയ്ക്കണം. തങ്ങളുടെയും മനസിലുണ്ടായിരുന്ന ചിന്തയ്ക്ക് കമലിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ രവികുമാറും രജനികാന്തും തീരുമാനിക്കുകയായിരുന്നു.
അവസാനം കാര്യമായി എഡിറ്റിംഗിന് വിധേയമായി 14 റീലുകളിലേക്ക് ദൈര്‍ഘ്യം ചുരുക്കിയ പടയപ്പയാണ് 1999 ഏപ്രില്‍ 10 ന് പ്രദര്‍ശനത്തിനെത്തിയത്. എന്നിട്ടുതന്നെ ചിത്രത്തിന് മൂന്ന് മണിക്കൂര്‍ (181 മിനിറ്റ്) ദൈര്‍ഘ്യമുണ്ടായിരുന്നു. തമിഴ് സിനിമയില്‍ അതുവരെയുണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളെയും തകര്‍ത്തായിരുന്നു ബോക്സ് ഓഫീസില്‍ പടയപ്പയുടെ വിളയാട്ടം.

അതേസമയം ചിത്രം ഇനിയും എഡിറ്റ് ചെയ്യണമോയെന്ന് രജനി കമല്‍ ഹാസന്‍റെ അഭിപ്രായം ചോദിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. കമല്‍ ഹാസന്‍ നായകനായ മണി രത്നം ചിത്രം നായകനും ഫസ്റ്റ് എഡിറ്റില്‍ 22 റീല്‍ ദൈര്‍ഘ്യമുണ്ടായിരുന്നു. വീണ്ടും കാര്യമായി എഡിറ്റ് ചെയ്തതിന് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് നായകന്‍ എത്തിയത്. 155 മിനിറ്റ് ആണ് നായകന്‍ സിനിമയുടെ ദൈര്‍ഘ്യം.
