പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്  ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രീസ്റ്റുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംഗീത സംവിധായകനായ രാഹുല്‍ രാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

കോണ്ടസ്റ്റില്‍ തിരഞ്ഞെടുക്കുന്ന 10 കുട്ടികള്‍ക്കാണ് മമ്മൂട്ടിക്കൊപ്പം ഒരു സായാഹ്നം പങ്കിടാനുള്ള അവസരം ലഭിക്കുക. ദി പ്രീസ്റ്റ് പാട്ട് മത്സരം എന്നാണ് കോണ്ടെസ്റ്റിന്റെ പേര്. 

രാഹുല്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മുക്കക്കൊപ്പം ഒരു സായാഹ്നം ..!!
ദി പ്രീസ്റ്റ് പാട്ട് മത്സരം ..!!
കോണ്ടസ്റ്റിൽ പങ്കെടുക്കാനായി, ദ പ്രീസ്റ്റ് എന്ന ചിത്രത്തിലെ 'നസ്രത്തിൽ...' എന്ന ഗാനത്തിലെ ബേബി നിയ ചാർളി പാടിയ പല്ലവി പാടി, അതിന്റെ വീഡിയോ   നിങ്ങളുടെ ഇൻസ്റ്റഗ്രാമിലോ പാരന്റസിന്റെ ഫെയ്ബുക്കിലോ #chillchildrenwithmammookka  എന്ന ഹാഷ്ടാഗോടു കൂടി വീഡിയോ ഷെയർ ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും മമ്മുക്കയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അവസരം ലഭിക്കുന്നു. വീഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന ദിവസം മാർച്ച് 10 ..!!

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സുമാണ് നിര്‍മ്മാണം. നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിര്‍ണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ . ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍,നസീര്‍ സംക്രാന്തി, മധുപാല്‍,ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.