മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റ്' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ മിസ്റ്ററി ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംപ്രേഷണം ജൂണ്‍ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് ആണ്. 

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്കെത്തിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മാര്‍ച്ച് 11നായിരുന്നു റിലീസ്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ക്രീന്‍ കൗണ്ടും പ്രീസ്റ്റിനാണ് ലഭിച്ചത്. കേരളത്തില്‍ മാത്രം 306 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്ലാറ്റ്ഫോമിലേക്കും ചിത്രം എത്തിയിരുന്നു.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

YouTube video player