സിബിഐ 6 അണിയറയിൽ ഒരുങ്ങുന്നുവെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ, സംവിധായകൻ കെ മധുവിന്‍റെ ഒരു വീഡിയോ വൈറലായിരുന്നു
മലയാള സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂവി ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതല്‍ 2022 ല്‍ പുറത്തിറങ്ങിയ സിബിഐ 5: ദി ബ്രെയിന്‍ വരെ അഞ്ച് ചിത്രങ്ങള്‍. ഇതില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളും ശരാശരി വിജയം നേടിയ ചിത്രങ്ങളുമുണ്ട്. എന്നാല്‍ ഈ ഫ്രാഞ്ചൈസിക്കും മമ്മൂട്ടിയുടെ സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനുമൊക്കെ കള്‍ട്ട് പദവിയാണ് പ്രേക്ഷകര്‍ക്കിടയില്‍. ഓരോ സിനിമയിലും പുതിയ ഓരോ കേസ് ആണ് എന്നതിനാല്‍ത്തന്നെ ഇനിയും എത്ര ചിത്രങ്ങള്‍ വേണമെങ്കിലും തുടരാന്‍ സ്കോപ്പ് ഉള്ള ഫ്രാഞ്ചൈസിയുമാണ് ഇത്. ചിത്രത്തിന് ഒരു ആറാം ഭാഗം ഉടന്‍ വരുമെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുകളിലായി നടന്നിരുന്നു. ഇപ്പോഴിതാ അതില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ കെ മധു.
സിബിഐ 6 അണിയറയില്‍ ഒരുങ്ങുന്നുവെന്ന് ഒരാഴ്ചയ്ക്ക് മുകളിലായി നടന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കൊടുവില്‍ കെ മധു തന്നെ ഇക്കാര്യം പറയുന്ന ഒരു വീഡിയോയും ഇന്നലെ പുറത്തെത്തിയിരുന്നു. ഇതോടെ പ്രോജക്റ്റ് കണ്‍ഫേം ആയി എന്ന തരത്തില്‍ മമ്മൂട്ടി ആരാധകരും തങ്ങളുടെ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. ഒരു വേദിയില്‍ സംസാരിക്കവെ കെ മധു സിബിഐ 6 നെക്കുറിച്ച് പറയുന്ന വീഡിയോ ആണ് ഇത്. സിബിഐയുടെ അഞ്ച് ഭാഗങ്ങളും കണ്ടവരാണോ? ഉറപ്പാണേ? നാളെ മാറ്റി പറയരുത്. അഞ്ച് ഭാഗങ്ങളും കണ്ട് ഇഷ്ടപ്പെട്ടോ? ആറാം ഭാഗം കാണണോ? എന്നാല്‍ ഉടനെ വരും. ആറാം ഭാഗം ഉടനെ പ്രതീക്ഷിക്കാം, എന്നാണ് വീഡിയോയില്‍ സദസില്‍ ഉള്ളവരോട് കെ മധു പറയുന്നത്.
എന്നാല്‍ പ്രചരിക്കുന്നത് ഒരു പഴയ വീഡിയോ ആണ് എന്നതാണ് വാസ്തവം. ഇത് അടുത്തിടെയൊന്നും താന്‍ പറഞ്ഞ കാര്യമല്ലെന്നും മുന്‍പ് സംസാരിച്ച ഒരു വീഡിയോ വീണ്ടും പ്രചരിക്കുന്നതാണെന്നും കെ മധു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. സിബിഐ 6 പ്ലാനിംഗില്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പ്രീസ്റ്റ്, രേഖാചിത്രം എന്നീ സിനിമകള്‍ ഒരുക്കിയ ജോഫിന്‍ ടി ചാക്കോയാണ് സിബിഐ 6 സംവിധാനം ചെയ്യുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇത്തരമൊരു പ്രോജക്റ്റ് സംബന്ധിച്ച് ജോഫിനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

