കൊച്ചി: ജനപ്രിയ യൂട്യൂബ് സീരിസ് കരിക്ക് സിനിമയുമായി രംഗത്ത്. ഇവരുടെ വെബ് സീരിസ് തേരാപാരയുടെ പേരില്‍ തന്നെയാണ് ചിത്രം എത്തുന്നത്. തേരാപാര സിനിമയുടെ മോഷന്‍ പോസ്റ്ററെത്തി.  ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 
മോഷന്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. 2020 ലായിരിക്കും ചിത്രം ഇറങ്ങുക എന്ന് കരിക്കിന്‍റെ അണിയറക്കാര്‍ അറിയിച്ചു.

മുഖം മറച്ച് ഇരുട്ടത്ത് നിക്കുന്നത് ലോലനാണോ എന്നടക്കമുള്ള നിരവധി കമന്‍റുകള്‍ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. കരിക്ക് ഷോ റണ്ണര്‍ നിഖില്‍ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്‌സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്.