രാഷ്ട്രീയപരവും മതപരവുമായ ഘടകങ്ങള്‍ സിനിമയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കൃഷ്‍ണകുമാര്‍
മലയാള സിനിമയില്‍ മട്ടാഞ്ചേരി ലോബി ഉണ്ടെന്ന് നടനും ബിജെപി നേതാവും നിലവിലെ എന്‍എഫ്ഡിസി ചെയര്‍മാനുമായ ജി കൃഷ്ണകുമാര്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്‍റെ അഭിപ്രായപ്രകടനം. സിനിമാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ പ്രതികരണത്തിലാണ് കൃഷ്ണകുമാറിന്‍റെ പരാമര്‍ശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ശ്രദ്ധേയ റോളുകളിലേക്ക് എത്തിയിട്ടും കരിയര്‍ അതിന് മുകളിലേക്ക് പോയില്ലല്ലോ എന്ന ചോദ്യത്തിന് കൃഷ്ണകുമാറിന്‍റെ പ്രതികരണം ഇങ്ങനെ...
“എല്ലാത്തിലും ഭാഗ്യത്തിന്‍റെ ഒരു അംശം ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദി സിനിമയില്‍ ഖാന്‍ വിപണി സംസ്കാരത്തിന്‍റേതായ ഒരു കാലം ഉണ്ടായിരുന്നു. സമാന രീതിയിലുള്ള ഒന്ന് ഇവിടെയും ഉണ്ട്. അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങളും മറ്റനേകം കാര്യങ്ങളുമുണ്ട്. പൊതുജനത്തിന് ദൃശ്യമാവാത്ത പല കാര്യങ്ങളും സിനിമയില്‍ ഉണ്ട്. മട്ടാഞ്ചേരി ലോബിയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. എന്നോട് ചോദിച്ചാല്‍ അത് ഉണ്ട് എന്നാണ് ഞാന്‍ പറയുക. മഹാരാജാസ് കോളെജില്‍ ഈയിടെ നടന്ന സിജെപി പ്രതിഷേധം എടുക്കുക. രാഷ്ട്രീയത്തിനും മതത്തിനും അതില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്ന് വ്യക്തമാണ്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും അതില്‍ പങ്കെടുത്തു”, കൃഷ്ണകുമാര്‍ പറയുന്നു.
“വര്‍ഗീയമാവുന്നു എന്ന് ആളുകള്‍ എപ്പോഴും കുറ്റപ്പെടുത്തുന്നത് ബിജെപിയെ മാത്രമാണ്. പക്ഷേ ജാതിപരവും സാമൂഹികവുമായ സമവാക്യങ്ങളുമായി ചാര്‍ച്ചയില്‍ ആവാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇവിടെ അതിജീവിച്ചിട്ടില്ല. ആദ്യ മാറ്റത്തിനായി ചെയ്യേണ്ടത് സ്കൂള്‍ പ്രവേശന ഫോമുകളിലെ ജാതി കോളം നീക്കം ചെയ്യുകയാണ്. ഞാനും എന്‍റെ ഭാര്യയും വെവ്വേറെ ജാതികളില്‍ നിന്ന് വരുന്നവരാണ്. അത് ഒരിക്കലും ഒരു വിഷയം ആയിട്ടില്ല. എന്‍റെ ഒരു മകള്‍ വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു ജാതിയില്‍ നിന്നുള്ള ഒരാളെയാണ്. എന്‍റെ മറ്റൊരു മകള്‍ വിവാഹം ചെയ്യാന്‍ പോകുന്നത് മറ്റൊരു മതത്തില്‍ നിന്ന് വരുന്ന ഒരാളെയാണ്. എനിക്ക് അതില്‍ ഒരു പ്രശ്നവുമില്ല. എന്നിട്ടും ആളുകള്‍ എന്നെ ഒരു വര്‍ഗീയ ബിജെപി സപ്പോര്‍ട്ടര്‍ ആയാണ് ചിത്രീകരിക്കുന്നത്”, കൃഷ്ണകുമാര്‍ പറയുന്നു.



