Asianet News MalayalamAsianet News Malayalam

'നായകനായി ഒരാള്‍ മതി, തിരക്കഥ തിരുത്തണം'; 'അയ്യപ്പനും കോശിയും' റീമേക്കിന് പവന്‍ കല്യാണിന്‍റെ നിര്‍ദേശം

റീമേക്ക് ഒരു ഒറ്റ നായക ചിത്രമായി കാണാനാണ് പവന്‍ കല്യാണിന് താല്‍പര്യമെന്നും അതിനുവേണ്ട രീതിയില്‍ മുഴുവന്‍ തിരക്കഥയും മാറ്റിയെഴുതണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

there will only be one lead role in ayyappanum koshiyum telugu remake
Author
Thiruvananthapuram, First Published Nov 14, 2020, 8:46 PM IST

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിനെക്കുറിച്ചുള്ള അപ്‍ഡേറ്റുകള്‍ അതിന്‍റെ പ്രഖ്യാപനത്തിനുശേഷം തെലുങ്ക് മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ വരാറുണ്ട്. സമീപകാല മലയാളസിനിമയില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ സിനിമ തെലുങ്കില്‍ എത്തുമ്പോള്‍ എങ്ങനെയുണ്ടാവുമെന്നത് മലയാളി സിനിമാപ്രേമിയെ സംബന്ധിച്ചും കൗതുകമുള്ള കാര്യമാണ്. സാഗര്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് റീമേക്കില്‍, മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക പവന്‍ കല്യാണാണ്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി രവി തേജ, റാണ ദഗുബാട്ടി, നിതിന്‍ തുടങ്ങി പലരുടെയും പേരുകള്‍ കേട്ടിരുന്നെങ്കിലും ഇതുവരെ ഒരാളെയും ഉറപ്പിക്കാനായിട്ടില്ല. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരുന്നു. മലയാളത്തില്‍ 'അയ്യപ്പനും കോശിയും' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഇരുകഥാപാത്രങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യമുണ്ടായിരുന്നുവെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ അങ്ങനെ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീമേക്ക് ഒരു ഒറ്റ നായക ചിത്രമായി കാണാനാണ് പവന്‍ കല്യാണിന് താല്‍പര്യമെന്നും അതിനുവേണ്ട രീതിയില്‍ മുഴുവന്‍ തിരക്കഥയും മാറ്റിയെഴുതണമെന്നാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൃഥ്വിരാജ് മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിലെത്തുമ്പോള്‍ അടിമുടി ഒരു വില്ലന്‍ കഥാപാത്രം ആയിരിക്കും. പവന്‍ കല്യാണിന്‍റെ താരപരിവേഷം മുന്നില്‍ക്കണ്ട് ക്ലൈമാക്സ് സീക്വന്‍സുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ വ്യത്യാസങ്ങള്‍ വരുത്തുമെന്നും തെലുങ്ക് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

there will only be one lead role in ayyappanum koshiyum telugu remake

 

പവന്‍ കല്യാണ്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തുന്നതിന്‍റെ തിരക്കിലാണ് സാഗര്‍ ചന്ദ്രയെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സംവിധായകന്‍ ത്രിവിക്രം ആണ് റീമേക്കിനായി സംഭാഷണങ്ങള്‍ എഴുതുക. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ വേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. 

സമീപകാല മലയാളസിനിമയില്‍ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ പ്രധാന ചിത്രമാണ് 'അയ്യപ്പനും കോശി'യും. അയ്യപ്പന്‍ നായര്‍ എന്ന എസ്ഐ ആയി ബിജു മേനോനും റിട്ട. ഹവില്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും മികച്ച പ്രകടനം നടത്തിയ ചിത്രം അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന സിനിമയുമായിരുന്നു. രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യമുണ്ടായിരുന്നു ചിത്രത്തില്‍. നന്മ-തിന്മ പ്രതിനിധീകരണങ്ങളായ സാധാരണ നായക-വില്ലന്‍ കഥാപാത്രങ്ങളെപ്പോലെ ആയിരുന്നില്ല അയ്യപ്പനും കോശിയും. മറിച്ച് ശക്തിയും ദൗര്‍ബല്യങ്ങളും സ്വഭാവ സവിശേഷതകളും ഒക്കെ ചേര്‍ത്തായിരുന്നു സച്ചിയുടെ രചന. 

Follow Us:
Download App:
  • android
  • ios