Asianet News MalayalamAsianet News Malayalam

സുവര്‍ണ ചകോരം 'ദേ സേ നതിംഗ് സ്‌റ്റേയ്‌സ് ദി സെയി'മിന്; 'ജല്ലിക്കട്ട്' ജനപ്രിയ ചിത്രം

ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സന്തോഷ് മുണ്ടൂരിന്റെ 'പനി'ക്ക്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഡോ. ബിജുവിന്റെ 'വെയില്‍മരങ്ങള്‍'ക്കും.
 

they say nothing stays the same won suvarna chakoram in iffk 2019
Author
Thiruvananthapuram, First Published Dec 13, 2019, 7:44 PM IST

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി ജാപ്പനീസ് സിനിമ 'ദേ സേ നതിംഗ് സ്റ്റേയ്‌സ് ദി സെയിം' തെരഞ്ഞെടുക്കപ്പെട്ടു. ജോയ് ഒഡാഗിരിയാണ് സംവിധായകന്‍. സംവിധായകനും നിര്‍മ്മാതാവിനുമായി 20 ലക്ഷം രൂപയും ശില്‍പവും ചേര്‍ന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബ്രസീലിയന്‍ സംവിധായകന്‍ അലന്‍ ഡെബര്‍ട്ടന് ആണ്. 'പാകറെറ്റ്' ആണ് ചിത്രം. നാല് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അര്‍ജന്റൈന്‍ സംവിധായകന്‍ ഫെര്‍നാന്‍ഡോ സൊളാനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഗ്വാട്ടിമാലയില്‍ നിന്നുള്ള സംവിധായകന്‍ സെസര്‍ ഡയസിനാണ്. ചിത്രം ഔവര്‍ മദേഴ്‌സ്. മൂന്ന് ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. മത്സരവിഭാഗത്തിലെ ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിനാണ്. രണ്ട് ലക്ഷം രൂപയുടേതാണ് പുരസ്‌കാരം. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ലിജോ ജോസ് പെല്ലിശ്ശേരി നേടി.

മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഫ്രഞ്ച് ചിത്രം 'കമീലെ'യ്ക്കാണ്. ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത 'പനി' എന്ന ചിത്രത്തിനാണ്. മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഹിന്ദി ചിത്രം ആനി മാനിക്കാണ്. ഫഹിം ഇര്‍ഷാദ് ആണ് ഇതിന്റെ സംവിധാനം. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഡോ. ബിജുവിന്റെ 'വെയില്‍മരങ്ങളും' നേടി. മധു സി നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്‌സ്' പ്രത്യേക പരാമര്‍ശവും നേടി. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക പരാമര്‍ശത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ അഞ്ജു തങ്കപ്പന്‍ അര്‍ഹയായി. 

Follow Us:
Download App:
  • android
  • ios