'മിസ്റ്റര്‍ ബച്ചന്‍' മാത്രമല്ല, മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ ഒരേ ദിവസം ഒടിടിയില്‍
രണ്ട് ചിത്രങ്ങള്‍ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും കാണാം
തെലുങ്ക് സിനിമാപ്രേമികളെ സംബന്ധിച്ച് ഒടിടിയില്‍ സമീപകാലത്ത് കാര്യമായ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ പരാതികള്‍ക്ക് പരിഹാരമായി ഇപ്പോള്‍ ഒരേ ദിവസം മൂന്ന് ചിത്രങ്ങളാണ് ഒരുമിച്ച് എത്തിയിരിക്കുന്നത്. രവി തേജയുടെ ആക്ഷന്‍ ത്രില്ലര്‍ മിസ്റ്റര്‍ ബച്ചന്‍ കൂടാതെ മറ്റ് രണ്ട് ചിത്രങ്ങളും സ്ട്രീമിംഗിന് എത്തിയിട്ടുണ്ട്.
നിതിനെ നായകനാക്കി അഞ്ജി കെ മണിപുത്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച ആയ്, സന്ദീപ് സരോജ്, യശ്വന്ത് പെണ്ഡ്യാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യദു വംശി രചനയും സംവിധാനവും നിര്‍വ്വഹിച്ച കമ്മിറ്റി കുരോല്ലു എന്നീ ചിത്രങ്ങളാണ് മിസ്റ്റര്‍ ബച്ചന്‍റെ അതേ ദിവസം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ മിസ്റ്റര്‍ ബച്ചന്‍, ആയ് എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തിയിരിക്കുന്നത്. തെലുങ്കിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും കാണാം. എന്നാല്‍ കമ്മിറ്റി കുരോല്ലുവിന്‍റെ തെലുങ്ക് പതിപ്പ് മാത്രമാണ് സ്ട്രീമിംഗിന് ഉള്ളത്. ഇടിവി വിന്‍ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
മൂന്ന് ചിത്രങ്ങളില്‍ ബജറ്റിലും താരമൂല്യത്തിലും മുന്നില്‍ നിന്നത് മിസ്റ്റര്‍ ബച്ചന്‍ ആയിരുന്നെങ്കിലും തിയറ്ററില്‍ ശ്രദ്ധ നേടിയത് മറ്റ് രണ്ട് ചെറിയ ചിത്രങ്ങളാണ്. ബോക്സ് ഓഫീസില്‍ കാലിടറിയ രവി തേജ ചിത്രം ഒടിടിയില്‍ നേട്ടമുണ്ടാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ആയ്, കമ്മിറ്റി കരോല്ലു എന്നീ ചിത്രങ്ങളുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് യുവാക്കള്‍ ആണ്. അതേസമയം ഹരീഷ് ശങ്കര്‍ ആണ് മിസ്റ്റര്‍ ബച്ചന്‍റെ രചനയും സംവിധാനവും. രവി തേജയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിച്ച ആളാണ് (ഷോക്ക്- 2006) ഹരീഷ് ശങ്കര്‍. രവി തേജയ്ക്കൊപ്പം അദ്ദേഹത്തിന്‍റെ മൂന്നാം ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍.
ALSO READ : അസാധാരണം, അപ്രതീക്ഷിതം; 'കിഷ്‍കിന്ധാ കാണ്ഡം' റിവ്യൂ