മോഹൻലാൽ നായകനായ 'തുടരും' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതായി റിപ്പോർട്ട്.

കൊച്ചി: തീയറ്ററില്‍ തകര്‍ത്തോടുന്ന മോഹന്‍ലാല്‍ നായകനായ 'തുടരും' സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി. 
ബസ് യാത്രക്കാരൻ ഫോണിൽ സിനിമ കാണുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭച്ചു. തൃശൂർ 
ഷൊർണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. പൊലീസില്‍ ഉടന്‍ പരാതി നല്‍കും. 

ചിത്രത്തിന്‍റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. 

ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും. 

ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല. അതിനിടയിലാണ് വ്യാജ പതിപ്പ് വാര്‍ത്ത വരുന്നത്.