15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന താരജോഡികളുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'നാടോടിക്കാറ്റ്' സിനിമയിലെ രംഗങ്ങളുമായി താരതമ്യം ചെയ്ത് ആരാധകർ.

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. 

ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്‍റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എവർഗ്രീൻ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. 

ഇപ്പോള്‍ ഈ ചിത്രം വൈറലായതിന് പിന്നാലെ പഴയ നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ' എന്ന ഗാനത്തിലെ രംഗമാണ് ഇപ്പോള്‍ ഇതിനൊപ്പം വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് ചിത്രത്തിനും ഇടയില്‍ 37 കൊല്ലത്തെ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. 

പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. 

കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. 

ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. 

'എവർഗ്രീൻ കോംബോ' വീണ്ടും: പുതിയ അപ്ഡേറ്റ് പങ്കിട്ട് മോഹന്‍ലാലിന്‍റെ 'തുടരും'

വരാനിരിക്കുന്നത് ബറോസ്, 2025ൽ നാല് പടങ്ങൾ; പുതുവർഷത്തിൽ മോഹൻലാൽ കസറിക്കയറും