രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും മികച്ച അഭിപ്രായങ്ങളുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ് തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫാമിലി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് ചേരുന്ന തരത്തിലുള്ള പ്രോമോഷനാണ് അണിയറക്കാര്‍ കൃത്യമായ പ്ലാനിംഗോടെ നല്‍കിയത്. വലിയ ബഹളങ്ങളില്ലാത്ത പ്രൊമോഷനും റിലീസിന് രണ്ട് ദിവസം മുന്‍പ് മാത്രം ആരംഭിച്ച അഡ്വാന്‍സ് ബുക്കിംഗുമൊക്കെയായിരുന്നു ചിത്രത്തിന്. പ്രൊമോഷണല്‍ പ്ലാനിംഗ് വിജയമായിരുന്നുവെന്നതിന്‍റെ തെളിവ് കൂടിയാണ് ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന പ്രതികരണം. ബോക്സ് ഓഫീസ് നേട്ടത്തിന് ഇതിനകം തുടക്കമിട്ട ചിത്രത്തിന് റിലീസിന് മുന്‍പ് തന്നെ ഒടിടി ഡീല്‍ ഉറപ്പിക്കാനും സാധിച്ചു.

സമീപകാല മലയാള സിനിമകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഒടിടിയില്‍ വിറ്റുപോകുന്നില്ല എന്നത്. വന്‍ ബജറ്റിലും ഹൈപ്പിലും എത്തിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് പോലും ഒടിടി പ്ലാറ്റ്‍ഫോമുമായി പ്രീ റിലീസ് കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടരും എന്ന ചിത്രത്തിന് അതിന് സാധിച്ചിട്ടുണ്ട്. എമ്പുരാന്‍ എത്തിയ ജിയോ ഹോട്ട്സ്റ്റാറില്‍ തന്നെയാവും തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഈ ചിത്രം എത്തുക. ഏഷ്യാനെറ്റ് ആണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് പാര്‍ട്‍നര്‍.

അതേസമയം ആദ്യ ഷോകള്‍ക്കിപ്പുറം കാര്യമായി പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് കുതിച്ചുയര്‍ന്നിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ റിലീസിന് ശേഷം ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡ് ഇടുകയും ചെയ്തു തുടരും. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ALSO READ : 'ഉദ്‍ഘാടനങ്ങള്‍ക്ക് വന്‍ തുക'? കമന്‍റുകള്‍ക്ക് മറുപടിയുമായി പ്രേക്ഷകരുടെ 'അപ്പു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം