Asianet News MalayalamAsianet News Malayalam

മലയാള ഭാഷാ പിതാവിന്റെ ജീവിതം സിനിമയാകുന്നു, 'തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍' ടൈറ്റില്‍ റിലീസ് ചെയ്‍തു

മലയാള ഭാഷ പിതാവ്  തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു.

Thunchath Ramanujan Ezhuthan film title launch
Author
Kochi, First Published Aug 22, 2021, 4:36 PM IST


മലയാള ഭാഷ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ ജീവചരിത്രം സിനിമയാവുന്നു. 'തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജിന്‍ലാല്‍ ആണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസ് ചെയ്‍തു. മലയാളത്തിലെ പ്രമുഖരായ ഇരുപതോളം പേരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്‍തത്. 

പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത് എന്ന് സംവിധായകൻ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷമാണ് മലയാളത്തില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  അടുത്ത വർഷം ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 

ഇതിലെ അഭിനേതാക്കളെയും മറ്റു അണിയറ പ്രവര്‍ത്തകരെയും കുറിച്ച് പിന്നീട് അറിയിക്കുമെന്ന് സംവിധായകന്‍ സജിന്‍ലാല്‍ അറിയിച്ചു. ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, ഹന്ന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് സജിന്‍ലാല്‍ പുതിയ സിനിമയുമായി എത്തുന്നത്. ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എഴുത്തച്ഛന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പം അതീജീവത്തിന്റെ പെണ്‍കരുത്തായ ഫുലാന്‍ദേവിയുടെ കഥയും സജിന്‍ലാലിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ക്രയോണ്‍സ് എന്ന തന്റെ ആദ്യ ചിത്രം തന്നെ ദേശീയ അവാര്‍ഡിന്റെ പരിഗണനയിലേക്കെത്തിക്കന്‍ സജിന്‍ലാലിനായി. തമിഴ് സിനിമയടക്കം അഞ്ചു ചിത്രങ്ങള്‍ ഇതിനോടകം സജിന്‍ലാല്‍ സംവിധാനം ചെയ്‍തു. നടനായും സംവിധായകനായും മലയാള ചലച്ചിത്ര -നാടക -ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് സജിന്‍ലാല്‍.

സജിന്‍ലാല്‍ നേരത്തെ ചെയ്‍ത ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‍തമായ പ്രമേയമാണ് ഈ സിനിമയും. മാത്രമല്ല എഴുത്തച്ഛന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരിടപോലും വിട്ടുപോകാതെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്‍തിക്കായി കഠിന പ്രയത്‍നത്തിലായിരുന്നു കുറച്ചുനാളായി സജിന്‍ലാല്‍. വാര്‍ത്താ പ്രചാരണം: ബി വി അരുണ്‍ കുമാര്‍, പി ശിവപ്രസാദ്, സുനിത സുനിൽ.

Follow Us:
Download App:
  • android
  • ios