രാജ് മേത്തയുടെ പുതിയ ചിത്രത്തിൽ ടൈഗർ ഷെറോഫും ജാൻവി കപൂറും ഒന്നിക്കുന്നു. പ്രതികാര-ആക്ഷൻ പ്രണയകഥയായ ചിത്രത്തിന് 'ലാഗ് ജാ ഗേൽ' എന്ന് പേരിട്ടേക്കാം. 2025 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.

മുംബൈ: ഗുഡ് ന്യൂസ്, ജഗ് ജഗ്ഗ് ജീയോ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ രാജ് മേത്തയും നിർമ്മാതാവ് കരൺ ജോഹറും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നു. രാജ് മേത്ത തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും ചിത്രത്തിൽ ടൈഗർ ഷെറോഫും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുമെന്നുമാണ് വിവരം.

ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പിങ്ക്വില്ലയോട് പറഞ്ഞത് ഇതാണ് “രാജ് മേത്തയുടെ അടുത്ത ചിത്രം ടൈഗർ ഷെറോഫും ജാൻവി കപൂറും ചേരുന്ന ഒരു പ്രതികാര-ആക്ഷൻ പ്രണയകഥയാണ്. കുറച്ചുനാളായി അദ്ദേഹം ഇതിന്‍റെ സ്ക്രിപ്റ്റിംഗിലാണ്, പുതിയൊരു ജോഡി വേണമെന്ന ആഗ്രഹത്തിലാണ് ഇരുവരും ചിത്രത്തില്‍ എത്തിയത്. രണ്ടുപേര്‍ക്കും കഥ ഇഷ്ടമായിട്ടുണ്ട് ” എന്നാണ്. 

ചിത്രത്തിന് ലാഗ് ജാ ഗേൽ എന്ന് പേരിടുമെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. "നിരവധി പേരുകൾ ചിത്രത്തിനായി ആലോചിച്ചിരുന്നു, കഥയ്ക്ക് ഏറ്റവും അനുയോജ്യം ലാഗ് ജാ ഗേൽ എന്നാണ് അവസാനം തീരുമാനമായത്. ശക്തമായ ഒരു പ്രണയകഥ പശ്ചാത്തലത്തിലുള്ള ഒരു പ്രതികാര ചിത്രമാണിത്" വൃത്തങ്ങൾ പിങ്ക്വില്ല റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. 

2025 അവസാനത്തോടെ ലാഗ് ജാ ഗേലിന്റെ ചിത്രീകരണം ആരംഭിക്കും. "ഇതൊരു വലിയ ആക്ഷൻ ചിത്രമാണ്, ടൈഗർ നായകനാകുന്ന ചില വന്‍ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നു" വൃത്തങ്ങൾ പറയുന്നു.

ഒക്ടോബർ മുതൽ ചിത്രത്തിന്‍റെ ഷെഡ്യൂൾ ആരംഭിക്കും. ടൈഗർ ബാഗി 4 ന്റെ പ്രമോഷനുകൾ പൂർത്തിയാക്കിയായിരിക്കും ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. കരൺ അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇഷാൻ ഖട്ടറും വിശാൽ ജേത്വയും ജാൻവി കപൂറും അഭിനയിച്ച നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ഹോംബൗണ്ടിന്റെ പ്രീമിയറിനായി എത്തിയിരുന്നു.