മിമിക്രി കലാകാരനായും അഭിനേതാവായും സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ താരമാണ് ടിനി ടോം. ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാണ മേഖലയിലേക്കും ചുവടിവെക്കുകയാണ് അദ്ദേഹം. ധീരജ് ബാല എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആണ് ടിനി ടോം. 'ഉദയ സ്ഥാപിതം 1954' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ളതാണ്.

സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോസ്‍കുട്ടി മഠത്തില്‍ ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് മമ്മൂട്ടിയാണ്. സുരാജിനും ടിനി ടോമിനും ശ്രീനാഥ് ഭാസിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പുറത്തിറക്കിയത്.

സംവിധായകനൊപ്പം വിജീഷ് വിശ്വം കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ഭാസ്‍കര്‍. എഡിറ്റിംഗ് സുനില്‍ എസ് പിള്ള. സംഗീതം ജേക്‍സ് ബിജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സജിമോന്‍. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ജനക്കൂട്ടമുള്ള ഗാലറികള്‍ അടക്കം ചിത്രീകരിക്കേണ്ട സിനിമയായതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് അയവ് വരുന്ന മുറയ്ക്കായിരിക്കും ചിത്രീകരണം ആരംഭിക്കുക.