പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'ടൈറ്റാൻസ്' എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്‌റ്റർ എത്തിയിരിക്കുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ, വിനായകൻ എന്നിവരുടെ ലുക്ക് മുകളിൽ. തൊട്ടു താഴെ ഇന്ദ്രൻസ്, നിഹാൽ, നടുവിലായി ഗൗൺ ധരിച്ച് വലിയ ഗണ്ണുമായി പ്രശസ്‌ത റാപ്പ് സിംഗർ ബേബി ജീൻ. അല്പം അകലെ ഗൺ ഉന്നം പിടിച്ച് ഏതാനും ചെറുപ്പക്കാർ. പുറത്തുവിട്ട പോസ്റ്ററിലെ കൗതുകകരമായ കാഴ്ച്ചകളാണിത്.
നേരമ്പോക്കിൻ്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസ്സൻ, പ്രദീപ് സി എസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച വിജയം നേടിയ അനുഗ്രഹീതൻ ആൻ്റണി എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ടൈറ്റാൻസ് ഏറെ പ്രാധാന്യം അർഹിക്കുന്നു. പൂർണ്ണമായും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വ്യത്യസ്ഥമായ അഭിനയ ശൈലി കൊണ്ട് പ്രേഷകരുടെ ഇടയിൽ ഏറെ ഇടം തേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്ന കൌതുകവും ഈ ചിത്രത്തിനുണ്ട്.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ ജയിംസ് സെബാസ്റ്റ്യൻ, സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം വിഷ്ണു ശർമ്മ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസൈൻ യെല്ലോ ടൂത്ത്, സ്റ്റിൽസ് സുഹൈബ് എസ് ബി കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സുനിൽ സിംഗ്, സജിത് പി വൈ, പ്രൊഡക്ഷൻ മാനേജർ നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായിവരുന്നു. പിആര്‍ഒ വാഴൂർ ജോസ്.

