ചാണക്യൻ, ക്ഷണക്കത്ത്,പവിത്രം,കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് ടികെ രാജീവ് കുമാർ. നീണ്ട ഇടവേളക്ക് ശേഷം കോളാമ്പി എന്ന സിനിമയിലൂടെ തിരിച്ചുവരാൻ ഒരുങ്ങുന്ന രാജീവ് കുമാർ തന്‍റെ സ്വപ്ന സിനിമയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. മമ്മുട്ടിയെ നായകനാക്കി ഒരു ഇംഗ്ലീഷ് സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതായാണ് ടി കെ രാജീവ് കുമാര്‍ പറയുന്നത്. ചിത്രത്തിന്‍റെ സ്റ്റോറി ലൈൻ മമ്മുട്ടിക്ക് നൽകിയെന്നും  ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടൻ എന്ന നിലയിൽ അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥ തന്നെ വേണമെന്ന് തനിക്ക് തോന്നിയെന്നും  ടി കെ രാജീവ് കുമാര്‍ പറഞ്ഞു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടി കെ രാജീവ് കുമാര്‍ തന്‍റെ സ്വപ്ന സിനിമയെക്കുറിച്ച് പറഞ്ഞത്. 

1989ല്‍ ചാണക്യൻ എന്ന സിനിമ  ഒരുക്കിയാണ് ടി കെ രാജീവ് കുമാര്‍ സിനിമയിലേക്ക് എത്തുന്നത്. കമലഹാസൻ നായകനായ ചിത്രം വമ്പൻ വിജയമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി മഹാനഗരം എന്ന ത്രില്ലർ ചിത്രം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തിരുന്നു.

അതേസമയം നിത്യ മേനോനെ നായികയാക്കി  ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന കോളാമ്പി എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിളും ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടിയുമാണ് നിർവഹിച്ചിരിക്കുന്നത്.