രണ്ടായിരത്തിഇരുപതിലെ ആദ്യ ടൊവിനോ ചിത്രമായാണ് 'ഫോറൻസിക്' തിയേറ്ററിലെത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ഒരുങ്ങിയിരിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫോറൻസിക് സയൻസ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണ് 'ഫോറൻസിക്'. മംമ്ത, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈജു അന്തിക്കാട് ചിത്രമാണ്  'ഭൂമിയിലെ മനോഹര സ്വകാര്യം. കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലർ വൈറലായിരിക്കുകയാണ്. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.