ഒക്ടോബർ 6 മുതൽ 12 വരെയുള്ള വാരത്തിൽ ഇന്ത്യയിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളുടെ പട്ടിക

തിയറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകരിലേക്ക് എത്താന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഒരു രണ്ടാം അവസരമാണ് ഒടിടി റിലീസ്. തിയറ്ററില്‍ വേണ്ടവിധം ശ്രദ്ധ നേടാതിരുന്ന പല ചിത്രങ്ങളും മുന്‍പ് ഒടിടിയില്‍ വലിയ കൈയടികള്‍ നേടിയിട്ടുണ്ട്. പലപ്പോഴും തിരിച്ചും സംഭവിച്ചിട്ടുണ്ട്. അതേസമയം ഒടിടിയിലെ വ്യൂവര്‍ഷിപ്പിന്‍റെ എണ്ണം ആ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയുടെയും ജനപ്രീതിയുടെയുമൊക്കെ അളവുകോല്‍ ആയി വിലയിരുത്തപ്പെടാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ പോയ വാരം ഒടിടിയില്‍ ഏറ്റവുമധികം പേര്‍ കണ്ട 5 സിനിമകളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. അവ ഏതൊക്കെയെന്നും ലഭിച്ച കാഴ്ചകളുടെ എണ്ണവും അറിയാം. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ പട്ടികയാണ് ഇത്.

ഇത് പ്രകാരം പോയ വാരം (ഒക്ടോബര്‍ 6- 12) ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഒടിടിയില്‍ കണ്ട സിനിമ വാര്‍ 2 ആണ്. ഒക്ടോബര്‍ 9 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ബോളിവുഡ് ചിത്രത്തിന് 35 ലക്ഷം കാഴ്ചകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് രജനികാന്ത് ചിത്രം കൂലിയാണ്. 26 ലക്ഷം കാഴ്ചകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബര്‍ 11 ന് എത്തിയിരുന്നു. എന്നാല്‍ ഹിന്ദി പതിപ്പ് ഇതേ പ്ലാറ്റ്‍ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ 9 ന് ആയിരുന്നു.

അജയ് ദേവ്ഗണ്‍ നായകനായ ബോളിവുഡ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 ആണ് ലിസ്റ്റില്‍ മൂന്നാമത്. സെപ്റ്റംബര്‍ 26 ന് നെറ്റ്ഫ്ലിക്ലില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 20 ലക്ഷം കാഴ്ചകളാണ് ചിത്രം പോയ വാരം നെറ്റ്ഫ്ലിക്സില്‍ നേടിയത്. ഇതിന് മുന്‍പ് പുറത്തെത്തിയ ലിസ്റ്റിലും (സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ) സണ്‍ ഓഫ് സര്‍ദാര്‍ 2 ഇടംപിടിച്ചിരുന്നു. വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ബഹുഭാഷാ അനിമേഷന്‍ എപിക് ചിത്രം മഹാവതാര്‍ നരസിംഹയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. സെപ്റ്റംബര്‍ 19 ന് നെറ്റ്ഫ്ലിക്സിലൂടെ എത്തിയ ചിത്രം 15 ലക്ഷം കാഴ്ചകളാണ് നേടിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍റെ തമിഴ് ചിത്രം മദ്രാസിയാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 3 ന് എത്തിയ ചിത്രം 14 ലക്ഷം കാഴ്ചകളാണ് നേടിയത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്