പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട കണക്കുകൾ. ആദ്യ സ്ഥാനത്ത് ബിഗ് ബോസ് തന്നെ

ഒടിടിയുടെ കടന്നുവരവോടെ ജനപ്രിയ ടെലിവിഷന്‍ ഷോകള്‍ക്ക് കൂടുതല്‍ കാണികളെ ലഭിക്കുകയാണ് ചെയ്തത്. ടെലിവിഷനില്‍ നിന്ന് വിഭിന്നമായി സൗകര്യപ്രദമായ സമയത്ത് കാണാം എന്നത് ഒടിടിയില്‍ ഇവയ്ക്ക് വലിയ കാഴ്ച നേടിക്കൊടുത്തു. ഇന്ത്യയിലെ ജനപ്രിയ ഷോകളുടെ പ്രതിവാര ഒടിടി കാഴ്ചകളുടെ കണക്കുകള്‍ ഇന്ന് ഞെട്ടിക്കുന്നതാണ്. ഇപ്പോഴിതാ പോയ വാരത്തില്‍ ഒടിടി പ്ലാറ്റ്‍ഫോമുകളിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ഷോകളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. ഒക്ടോബര്‍ 6 മുതല്‍ 12 വരെയുള്ള ഒടിടി വ്യൂവര്‍ഷിപ്പ് കണക്കാണ് ഇത്.

ഇത് പ്രകാരം വ്യൂവര്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ് ബോസ് ആണ്. ഹിന്ദി ബിഗ് ബോസിന്‍റെ 19-ാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യുന്ന ഷോ പോയ വാരം കണ്ടിരിക്കുന്നത് 72 ലക്ഷം പേരാണ്. ഒക്ടോബര്‍ 6 മുതല്‍ 12 വരെയുള്ള വാരത്തില്‍ ഷോയുടെ ഒരു എപ്പിസോഡ് എങ്കിലും കണ്ടവരുടെ കണക്കാണ് ഇത്. ഇന്ത്യന്‍ ടെലിവിഷനിലെ ലെജന്‍ഡറി ഷോ, അമിതാഭ് ബച്ചന്‍ അവതാരകനാവുന്ന കോന്‍ ബനേഗാ ക്രോര്‍പതിയു ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ കെബിസി സീസണ്‍ 17 ലിസ്റ്റില്‍ നാലാം സ്ഥാനത്താണ്.

കഴിഞ്ഞ വാരം 18 ലക്ഷം പേരാണ് സോണി ലിവിലൂടെ ഷോ കണ്ടത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആമസോണ്‍ എംഎക്സ് പ്ലെയറിന്‍റെ റൈസ് ആന്‍ഡ് ഫാളും മൂന്നാമത് ജിയോ ഹോട്ട്സ്റ്റാറിന്‍റെ പതി പത്നി ഓര്‍ പങ്കയും ആണ്. റൈസ് ആന്‍ഡ് ഫാളിന് കഴിഞ്ഞ വാരം 36 ലക്ഷവും പതി പത്നി ഓര്‍ പങ്കയ്ക്ക് പോയ വാരം 24 ലക്ഷം കാഴിചകളുമാണ് ലഭിച്ചത്. സോണി ലിവിന്‍റെ ഇന്ത്യാസ് ഗോട്ട് ടാലന്‍റ് സീസണ്‍ 11 ആണ് ലിസ്റ്റില്‍ അഞ്ചാമത്തെയും അവസാനത്തെയും സ്ഥാനത്ത്. 15 ലക്ഷം പേരാണ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഷോ പോയ വാരം കണ്ടത്. ഇന്ത്യയില്‍ ഏറ്റവുമധികം ഭാഷകളിലുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. എല്ലാ ഭാഷകളിലും ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയും അത് തന്നെ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്