രജനി, വിജയ്, അജിത്ത് ചിത്രങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍

ഇന്ത്യന്‍ ബോക്സ് ഓഫീസ് വളര്‍ച്ചയുടെ പാതയിലാണ്. വിനോദത്തിന് മറ്റ് മാര്‍ഗങ്ങള്‍ അനവധിയുണ്ടെങ്കിലും ജനം തിയറ്ററുകളെ കൈയൊഴിഞ്ഞിട്ടില്ലെന്നതിന്‍റെ തെളിവാണ് ഇത്. പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന സൂപ്പര്‍താര ചിത്രങ്ങളുടെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. സമീപ ദിവസങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത സൃഷ്ടിച്ച ചിത്രം രജനികാന്ത് നായകനായ കൂലി ആയിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളും കോളിവുഡില്‍ സമീപകാലത്തെ മികച്ച പ്രീ സെയിലുകളും ഏതൊക്കെയെന്നും എത്രയൊക്കെയെന്നും നോക്കാം.

തമിഴ്നാട്ടിലെ പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് കൂലി നേടിയ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ 183 കോടിയുടേത് ആണ്. ചിത്രത്തിന്‍റെ റിലീസ് ദിനമായ ഇന്ന് പുലര്‍ച്ചെ 1 മണിക്ക് പുറത്തുവിട്ട കണക്കാണ് ഇത്. എന്നാല്‍ ഇത് റിലീസ് ദിനത്തിലേക്ക് മാത്രമുള്ള ബുക്കിംഗ് അല്ല, മറിച്ച് ഞായറാഴ്ച വരെ നീളുന്ന ആദ്യ വാരാന്ത്യ ദിനങ്ങളിലേക്ക് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ്. ഒപ്പം ഇത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഉള്ളതുമാണ്. സമീപകാല കോളിവുഡ് ചിത്രങ്ങളുടെ മികച്ച പ്രീ സെയില്‍സ് പട്ടികയില്‍ ലിയോയെ മറികടക്കാന്‍ കൂലിക്ക് ആയില്ല. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ലിയോ നേടിയ ആദ്യ വാരാന്ത്യ അഡ്വാന്‍സ് ബുക്കിംഗ് 188 കോടിയുടേത് ആയിരുന്നു. അതായത് 5 കോടിയുടെ മാത്രം വ്യത്യാസം.

കൂലിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് വിജയ് ചിത്രം ഗോട്ട് ആണ്. 105 കോടിയാണ് ചിത്രത്തിന്‍റെ ആഗോള പ്രീ സെയില്‍സ്. നാലാം സ്ഥാനത്ത് രജനിയുടെ വേട്ടൈയനും അഞ്ചാം സ്ഥാനത്ത് അജിത്ത് കുമാറിന്‍റെ ഗുഡ് ബാഡ് അഗ്ലിയുമാണ്. ആറാമതും ഒരു അജിത്ത് കുമാര്‍ ചിത്രമാണ്. വിടാമുയര്‍ച്ചിയാണ് അത്. വേട്ടൈയന്‍ റിലീസിന് മുന്‍പ് നേടിയത് 60 കോടി ആയിരുന്നെങ്കില്‍ ഗുഡ് ബാഡ് അഗ്ലി നേടിയത് 47.25 കോടി ആയിരുന്നു. വിടാമുയര്‍ച്ചി നേടിയത് 46.5 കോടിയും.

അതേസമയം കൂലിക്ക് സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചത് ചിത്രത്തെ ബോക്സ് ഓഫീസില്‍ ബാധിക്കുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ആദ്യ വാരാന്ത്യ കളക്ഷനെ എന്തായാലും അത് സാരമായി ബാധിക്കാന്‍ സാധ്യതയില്ല. തമിഴ്നാട്ടില്‍ ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകളില്‍ ഭൂരിഭാഗവും അഡ്വാന്‍സ് ബുക്കിംഗ് ഇനത്തില്‍ത്തന്നെ വിറ്റുപോയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News