കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ടൊവിനൊ തോമസിന് മകന്‍ പിറന്നത്. ഈ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മകന്‍റെ പേരും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നു. തഹാന്‍ ടൊവിനൊ എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്. ഹാന്‍ എന്ന് അവനെ വിളിക്കുമെന്നും ഫേസ്ബുക്കിലൂടെ ടൊവിനൊ പറഞ്ഞു. 

''അവനില്‍ നിന്ന് കണ്ണെടുക്കാനാകുന്നില്ല. ഞങ്ങള്‍ അവന് തഹാന്‍ ടൊവിനോ എന്ന് പേര് നല്‍കി. ഞങ്ങള്‍ അവനെ ഹാന്‍ എന്ന് വിളിക്കും...'' ടൊവിനൊ കുറിച്ചു. ടൊവിനൊയുടെയും ലിഡിയയുടെയും മകള്‍ ഇസ പിറന്നത് 2016ലാണ്. ഇസയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ ടൊവീനോ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2014ല്‍ ആയിരുന്നു ലിഡിയയുമായുള്ള ടൊവീനോയുടെ വിവാഹം. പ്ലസ് വണ്‍ കാലം മുതല്‍ ആരംഭിക്കുന്നതാണ് തങ്ങളുടെ പ്രണയമെന്ന് ടൊവീനോ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം ഫോറന്‍സിക്കിന് ശേഷം ടൊവീനോയുടേതായി തീയേറ്ററുകളില്‍ എത്താനുള്ള ചിത്രം കിലോമീറ്റേഴ്‍സ് ആന്‍ഡ് കിലോമീറ്റേഴ്‍സ് ആണ്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം റോഡ് മൂവി സ്വഭാവത്തിലുള്ള കോമഡി ഡ്രാമയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുമുണ്ട് ടൊവീനോയ്ക്ക്.