ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്

ആരോഗ്യമേഖല കൊവിഡ് രണ്ടാംതരംഗത്തിന്‍റെ വെല്ലുവിളിയെ നേരിട്ട് മുന്നോട്ടുപോകുന്നതിനിടെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്.

"ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്", ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ആഹ്വാനം പങ്കുവച്ച് ടൊവീനോ സോഷ്യല്‍ മീഡിയയിലൂടെ ഓര്‍മ്മിപ്പിച്ചു. താരങ്ങളില്‍ നേരത്തെ അഹാന കൃഷ്‍ണയും 'കരിക്കി'ലെ അനു കെ അനിയനും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

കൊവിഡ് രോഗികള്‍ മരിക്കുന്ന സംഭവങ്ങളില്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് പലപ്പോഴും ബന്ധുക്കളുടെ കൈയേറ്റത്തിന് ഇരയാവുന്നത്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിനെതിരായ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കുകയും ചെയ്‍തിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ അവിടുത്തെ ഡോക്ടര്‍മാര്‍ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.