അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. 

ടൻ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ടി'ന്റെ(Dear Friend) ടീസർ പുറത്ത്. ദർശന രാജേന്ദ്രന്‍, ടൊവിനോ, അര്‍ജുൻ ലാല്‍ എന്നിവരെ ടീസറിൽ കാണാം. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രം ജൂണ്‍ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്‍മാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹാപ്പി അവേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ്സിന്റെയും ആഷിഖ് ഉസ്‍മാൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുൻലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

YouTube video player

'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് നടൻ വിനീത് കുമാര്‍ ആദ്യമായി സംവിധായകനായത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകൻ. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടനാണ് വിനീത് കുമാര്‍. 'ഒരു വടക്കൻ വീരഗാഥ', 'മുദ്ര', 'പഠിപ്പുര', 'അനഘ', 'ദശരഥം', 'ഭരതം',' ഇൻസ്‍പെക്ടര്‍ ബല്‍റാം', 'സര്‍ഗം', 'മിഥുനം', 'തച്ചോളി വര്‍ഗീസ് ചേകവര്‍', 'അഴകിയ രാവണൻ' തുടങ്ങിയവയില്‍ ബാല താരമായിരുന്നു. നായകനായും സഹതാരമായുമൊക്കെ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'പ്രണയമണിത്തൂവല്‍', 'കൊട്ടാരം വൈദ്യൻ', 'കണ്‍മഷി', 'ദ ടൈഗര്‍', 'അരുണം', 'വാല്‍മീകം', 'ഫ്ലാഷ്', 'തിരക്കഥ', 'സെവെൻസ്', 'ഇത് നമ്മുടെ കഥ', 'ചാപ്റ്റേഴ്‍സ്', 'കാശ്', 'ദ സ്‍പാര്‍ക്ക്', 'ഒരു യാത്രയില്‍', 'കെയര്‍ഫുള്‍' തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. 'കുതിരൈ' എന്ന തമിഴ് ചിത്രത്തിലും വിനീത് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.

'ബോളിവുഡ് എന്നെ താങ്ങില്ല', സമയം നഷ്ടപ്പെടുത്താനില്ലെന്ന് മഹേഷ് ബാബു

ബോളിവുഡ് (Bollywood) ചലച്ചിത്ര വ്യവസായത്തിന് തന്നെ താങ്ങാനാവില്ലെന്ന് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു (Mahesh Babu). ആയതിനാല്‍ അതിനുവേണ്ടി സമയം ചെലവഴിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിതം പറയുന്ന മേജര്‍ സിനിമയുടെ ട്രെയ്‍ലര്‍ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹേഷ് ബാബുവിന്‍റെ അഭിപ്രായ പ്രകടനം. 

ഹിന്ദിയില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ എന്‍റെ പ്രതിഫലം അവര്‍ക്ക് നല്‍കാനാവുമെന്ന് തോന്നുന്നില്ല. എന്നെ താങ്ങാനാവാത്ത ഒരു ഇന്‍ഡസ്ട്രിയിലേക്ക് പോകണമെന്ന് എനിക്കില്ല. ഇവിടെ (തെലുങ്കില്‍) എനിക്ക് ലഭിക്കുന്ന താരമൂല്യവും ബഹുമാനവും വളരെ വലുതാണ്. ആയതിനാല്‍ ഇവിടെ വിട്ട് മറ്റൊരു ഇന്‍ഡസ്ട്രിയിലേക്ക് പോകുന്ന കാര്യം ഞാന്‍ ആലോചിച്ചിട്ടില്ല, മഹേഷ് ബാബു പറഞ്ഞു. കൂടുതല്‍ സിനിമകള്‍ ചെയ്യുകയും വളരുകയുമാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ മഹേഷ് ബാബു വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന താന്‍ ഉദ്ദേശിക്കാത്ത തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നും മറ്റു ഭാഷാ സിനിമകളെ ചുരുക്കിക്കാട്ടല്‍ ഉദ്ദേശമായിരുന്നില്ലെന്നും മഹേഷ് ബാബുവിനുവേണ്ടി അദ്ദേഹത്തിന്‍റെ ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തെലുങ്കില്‍ അഭിനയിക്കാന്‍ സുഖകരമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. തെലുങ്ക് സിനിമ കൂടുതല് സ്ഥലങ്ങളില് സ്വീകരിക്കപ്പെടുന്നതിലും അദ്ദേഹം സന്തുഷ്ടനാണ്. എല്ലാ ഭാഷകളിലെയും സിനിമകളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് മഹേഷ് ബാബു, പ്രസ്താവനയില്‍ പറയുന്നു.

അതേസമയം മഹേഷ് ബാബുവിന്‍റെ ഏറ്റവും പുതിയ ചിത്രം സര്‍ക്കാര്‍വാരി പാട്ട 12ന് തിയറ്ററുകളിലെത്തും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു മഹേഷ് ബാബു ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. അനില്‍ രവിപ്പുഡിയുടെ സംവിധാനത്തിലെത്തിയ ആക്ഷന്‍ കോമഡി ചിത്രം സരിലേറു നീകേവ്വറുവാണ് അദ്ദേഹത്തിന്‍റേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. 2020 ജനുവരി 11ന് തിയറ്ററുകളിലെത്തിയ ഈ ചിത്രം വലിയ വിജയവുമായിരുന്നു. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. പരശുറാം പെട്‍ല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ മധിയാണ്. മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്, 14 റീല്‍സ് പ്ലസ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, റാം അചന്ദ, ഗോപി അചന്ദ എന്നിവരാണ് നിര്‍മ്മാണം. സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പലകുറി റിലീസ് നീട്ടിയ ചിത്രത്തിന്‍റെ റിലീസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹേഷ് ബാബു ആരാധകര്‍.