ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നൊക്കെ വ്യത്യാസമുള്ള പ്രോജക്ടുമായി ടൊവീനോ തോമസ്. 'പള്ളിച്ചട്ടമ്പി' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് 'ക്വീന്‍' എന്ന ചിത്രമൊരുക്കിയ ഡിജോ ജോസ് ആന്റണിയാണ്. 'കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെവിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും' എന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ടൊവീനോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും പറയുന്നത്. തന്റെ സ്വപ്‌ന പ്രോജക്ടാണ് ഇതെന്നും ടൊവീനോ പറയുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ദാദാസാഹിബ്, ശിക്കാര്‍, നടന്‍ തുടങ്ങിയ സിനിമകള്‍ രചിച്ച തിരക്കഥാകൃത്താണ് അദ്ദേഹം. ജേക്‌സ് ബിജോയ് ആണ് സംഗീതം. അടുത്ത വര്‍ഷമാണ് ചിത്രീകരണം.