സമൂഹമാധ്യമങ്ങളില്‍ വൈറലായി ടൊവിനോ തോമസിന്‍റെ കൽക്കി പോസ്റ്റര്‍

ടൊവിനോ തോമസിന്‍റെ പൊലീസ് വേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം നിർവഹിക്കുന്ന കൽക്കി എന്ന ചിത്രത്തിലാണ് താരം പൊലീസ് ഓഫീസറായി എത്തുന്നത്. പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്‍ണയും ചേർന്നാണ്.

പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തിൽ ടോവിനോ പൊലീസ് വേഷമണിഞ്ഞിരുന്നു.വിഷ്‍ണുവിന്‍റെ അവസാന അവതാരമായ കല്‍ക്കിയുടെ പേരാണ് അണിയറക്കാര്‍ സിനിമയ്ക്ക് നല്‍കിയത്. വിനാശത്തിന്‍റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ടെന്നാണ് ചിത്രത്തിന്‍റെ അണിയറ സംസാരം.