കോഴിക്കോട് ബീച്ചില്‍ നടന്ന 'അതിരടി' സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ കാണാതായ കുട്ടികളെ കണ്ടെത്താന്‍ നടന്‍ ടൊവിനോ തോമസ് ജനക്കൂട്ടത്തോട് അഭ്യർത്ഥിച്ചിരുന്നു
കോഴിക്കോട് ബീച്ചില്‍ ഇന്നലെ നടന്ന അതിരടി സിനിമയുടെ പ്രൊമോഷണല്‍ ഇവെന്‍റ് വേദിയില്‍ നിന്നുള്ള നടന്‍ ടൊവിനോയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. പരിപാടി കാണാന്‍ തിങ്ങിക്കൂടിയ കാണികള്‍ക്കിടയില്‍ നിന്ന് തങ്ങളുടെ കുട്ടികളെ കാണാനില്ലെന്ന് ചില മാതാപിതാക്കള്‍ സംഘാടകരെ അറിയിച്ചു. ഇത് പ്രകാരം ആ കുട്ടികളുടെ പേരുകള്‍ ആദ്യം അവതാരകയായ രഞ്ജിനി ഹരിദാസ് മൈക്കിളൂടെ അനൗണ്‍സ് ചെയ്തു. എന്നാല്‍ വിഷയത്തിന്‍റെ ഗൗരവം മനസിലാക്കാതെയുള്ള തമാശകളും ബഹളംവെക്കലുമൊക്കെയാണ് അവിടെ മുഴങ്ങിയത്. ഈ പ്രതികരണരീതി ശരിയല്ലെന്ന് രഞ്ജിനിയും പിന്നാലെ ടൊവിനോയും പ്രതികരിച്ചു.
പേര് വിളിച്ച കുട്ടികള്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്റ്റേജിലേക്ക് വരണമെന്നും അല്ലെങ്കില്‍ അടുത്ത് നില്‍ക്കുന്ന മുതിര്‍ന്നവരെ അക്കാര്യം അറിയിക്കണമെന്നും ടൊവിനോ പറഞ്ഞു. എന്നാല്‍ അപ്പോഴും തമാശ കമന്‍റുകളോടെയാണ് വേദിക്ക് അടുത്ത് നിന്നിരുന്നവര്‍ പ്രതികരിച്ചത്. തുടര്‍ന്ന് ടൊവിനോ പ്രതികരിച്ചു. ഇത് തമാശ പറയേണ്ട വിഷയമല്ല സുഹൃത്തേ. പ്ലീസ് മനസിലാക്കൂ. അവരെ കിട്ടുന്നത് വരെയും അവരുടെ വീട്ടുകാര്‍ക്ക് സമാധാനം ഉണ്ടാവില്ല. അപ്പോള്‍ നമുക്കും ആ സമാധാനം ഉണ്ടാവരുത്. ദയവ് ചെയ്ത് എല്ലാവരും ഒന്ന് സഹകരിച്ച് എത്രയും പെട്ടെന്ന് അവരെ കണ്ടുപിടിക്കൂ, ടൊവിനോ പറഞ്ഞു. വേദിയില്‍ നിന്നുള്ള ടൊവിനോയുടെയും രഞ്ജിനിയുടെയും പ്രതികരണങ്ങള്‍ക്ക് വലിയ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
അതേസമയം ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതിരടി മെയ് 14 നാണ് തിയറ്ററുകളില്‍ എത്തുന്നത്. മാസ് കോമഡി ക്യാമ്പസ് ആക്ഷൻ എന്‍റര്‍ടെയ്നര്‍ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ഡോ. അനന്തു എസും ബേസിൽ ജോസഫ് എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

