കേരളത്തിലെ ഭൂസമര ചരിത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന മുത്തങ്ങ സമരത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ട്രെയ്‌ലർ
2019ലാണ് ഇഷ്ക് തിയേറ്ററുകളിൽ എത്തുന്നത്. ഇഷ്ക്- നോട്ട് എ ലവ് സ്റ്റോറി. ടാഗ് ലൈൻ ശ്രദ്ധിക്കാതെ ഇഷ്ക് എന്ന പേരു കേട്ട് ഒരു പ്രണയസിനിമയാകും കാത്തുവച്ചിരിക്കുക എന്ന് കരുതി തിയേറ്ററിലിരുന്ന പ്രേക്ഷകർ പോലും ഉണ്ടായിരുന്നെന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പരതിയാൽ അറിയാം. ഷെയ്ൻ നിഗവും ആൻ ശീതളും അവരുടെ പ്രണയവുമൊക്കെയായി പോകുമ്പോൾ നിനച്ചിരിക്കാതെയാണ് ചങ്കിടിപ്പിൻ്റെ വേഗം കൂട്ടി ഷൈൻ ടോമിൻ്റെ കഥാപാത്രം കടന്നുവരുന്നതും ഒരു പ്രതികാര കഥയുടെ ചടുലത സിനിമ കൈവരിക്കുന്നതും. ഇഷ്ക് തന്ന സിനിമാറ്റിക് എക്സ്പീരിയൻസിനെ ഇങ്ങനെ ചുരുക്കാനാകില്ലെങ്കിലും മലയാള സിനിമയുടെ ടെംപ്ലേറ്റുകളെ പൊളിച്ച് കളഞ്ഞൊരു കഥപറച്ചിലായിരുന്നു ഇഷ്കിൻ്റേത്.
ഒരുമിച്ചുണ്ടാകുന്ന ഒരു ദുരനുഭവം സ്ത്രീയും പുരുഷനും കൈകാര്യം ചെയ്യുന്നത് രണ്ടുവിധത്തിലാണ്. ഷെയ്ൻ നിഗത്തിൻ്റെ സച്ചി പ്രതിനായക ഭാവങ്ങളിലേയ്ക്കും സ്വാർത്ഥതയിലേയ്ക്കും മാറുന്നതും ആൻശീതൾ അവതരിപ്പിച്ച വസുധ വിഷയത്തെ കൈകാര്യം ചെയ്യുന്ന വിധവുമെല്ലാമായി കൂടുതൽ ആഴത്തിൽ പോകുന്ന പ്രതികാര കഥ. ചെറിയ സ്പേസിൽ ആണ് മുഴുവൻ കഥയും നടക്കുന്നത്. ചെറുതായി പാളിയാൽ ഇല്ലാതായേക്കുമായിരുന്ന ആ ഫൈൻ ലൈനിനെ ഒതുത്തോടെ അവതരിപ്പിച്ച മിടുക്കുകൊണ്ടാണ് അനുരാജ് മനോഹർ എന്ന നവാഗത സംവിധായകനെ മലയാള സിനിമ ഓർത്തുവച്ചത്. രണ്ടാമതായി പ്രഖ്യാപിച്ചത് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ശേഖര വർമ്മ രാജാവ്. ഇഷ്കിൻ്റെ സംവിധായകനും നിവിൻ പോളിയും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങളുണ്ടാക്കി. എന്നാൽ അനുരാജിൻ്റെതായി രണ്ടാമത് തിയേറ്ററുകളിൽ എത്തുന്നത് നരിവേട്ടയാണ്.
"നീതിക്കായുള്ള ഓരോ പോരാട്ടത്തിനും അനീതിക്കെതിരായ ഓരോ സമരത്തിനും, അതിനെല്ലാത്തിനും വേണ്ടിയാണിത്" എന്ന് പറഞ്ഞുകൊണ്ടാണ് അനുരാജ് മനോഹർ- ടൊവിനോ തോമസ് ചിത്രം നരിവേട്ടയുടെ ട്രെയ്‌ലർ തുടങ്ങുന്നത്. അഭിനയ ജീവിതത്തിൽ താൻ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെന്ന് വിശേഷിപ്പിച്ചാണ് നരിവേട്ട ചിത്രീകരണം പൂർത്തിയായ വിവരം ടൊവിനോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നരിവേട്ട ഒരു പൊളിറ്റിക്കൽ ഡ്രാമയാണ്. ധൈര്യത്തോടെ പറയുകയും ചർച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയമാണിതെന്നാണ് വിശ്വാസം... സിനിമയുടെ ക്യാൻവാസ് വലുതാണെന്ന പ്രതീക്ഷ ഈ പോസ്റ്റ് നൽകിയെങ്കിലും എത്രത്തോളം വലുതാകുമെന്ന് കാണിച്ചു തന്നത് ട്രെയ്‌ലറാണ്.
ആദ്യമെത്തിയത് മിന്നൽ വള എന്ന് തുടങ്ങുന്ന പാട്ടാണ്. ടൊവിനോയിലെ പ്രേക്ഷകർക്ക് പരിചയമുള്ള റൊമാൻ്റിക് ഹീറോയെ ആ പാട്ട് നന്നായി എക്പ്ലോർ ചെയ്തു. പിന്നാലെ ടെയ്‌ലർ എത്തി. കേരളത്തിലെ ഭൂസമര ചരിത്രങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന മുത്തങ്ങ സമരത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു ട്രെയ്‌ലർ. ക്യാരക്ടർ പോസ്റ്ററുകളിൽ നിന്നു ലഭിച്ച സൂചനകൾ പോലെ വർഗീസ് പീറ്റർ എന്ന ടൊവിനോ കഥാപാത്രം ഗ്രേഷേഡിലുള്ളതാണെന്ന് വ്യക്തമാക്കുന്ന ട്രെയ്‌ലർ.
ടൊവിനോ അവതരിപ്പിക്കുന്ന കുട്ടനാട്ടുകാരനായ വർഗീസിന്റെ യാത്രയ്ക്കൊപ്പമാകണം സിനിമയുടെ കഥ വികസിക്കുന്നത്. പൊലീസ് ജോലി ലഭിക്കുന്നതോടെ അയാളിലേയ്ക്ക് അധികാരം കൈവരുന്നതും പിന്നാലെ അയാളിലുണ്ടാകുന്ന മാറ്റങ്ങളുമായി ഭൂസമരങ്ങളുടെ ബാക്ക്ഡ്രോപ്പിൽ ടൊവിനോയിലെ നടനെ എക്സ്പോർ ചെയ്യാൻ സിനിമയ്ക്ക് സ്കോപ്പുണ്ടാകും. വർഗീസ് പീറ്റർ എന്ന പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാപുരോഗതി. സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞതനുസരിച്ച് മുത്തങ്ങ പോലെ ഒരു ഭൂസമരത്തെ മാത്രം അടയാളപ്പെടുത്തി പോകുന്ന സിനിമയായിരിക്കില്ല നരിവേട്ട. ഫിക്ഷണൽ സ്വാതന്ത്ര്യം കൂടിയെടുത്ത് മറന്നുപോയ പലതിനേയും മറക്കാൻ പാടില്ലാത്തെ പലതിനെയും ഓർമ്മിപ്പിക്കുന്നതാകും ചിത്രം.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ചേരൻ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. പ്രേക്ഷകർ ഒരിക്കലും ചേരനെ പൊലീസ് വേഷത്തിൽ കണ്ടിട്ടില്ല എന്നതും ആ കഥാപാത്രത്തിൻ്റെ പ്രഡിക്ടബിളിറ്റി ഫാക്റ്ററിനെ ഇല്ലാതാക്കുന്നുണ്ട്. സി കെ ജാനുവിനെ അനുസ്മരിപ്പിച്ച ആര്യ സലിമിൻ്റെ കഥാപാത്രവും ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് പ്രസിദ്ധ സിനിമ നിർമ്മാണ കമ്പനിയായ എ ജി എസ് എന്റർടൈൻമെന്റ്സും. ചിത്രത്തിന്റെ കൊമേർഷ്യൽ, പൊളിറ്റിക്കൽ ഘടകങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ തുടരുന്ന ചർച്ചകൾ ചിത്രത്തിനോട് പ്രേക്ഷകർക്കുള്ള പ്രതീക്ഷയെയാണ് സൂചിപ്പിക്കുന്നത്. മെയ് 23ന് വേൾഡ് വൈഡ് റിലീസ് ആയി 'നരിവേട്ട' പ്രദർശനത്തിനെത്തും.


