ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ മലയാളസിനിമകള്‍ക്ക് കേരളത്തിന് പുറത്തും പ്രേക്ഷകരേറി. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ മുന്‍നിര പ്ലാറ്റ്ഫോമുകള്‍ സബ് ടൈറ്റിലുകളോടെയാണ് മലയാള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാറെങ്കില്‍ മലയാളചിത്രങ്ങള്‍ തെലുങ്കിലേക്ക് മൊഴിമാറ്റി ഒടിടി റിലീസ് ചെയ്യുന്ന ഒരു പ്ലാറ്റ്ഫോം ഉണ്ട്. അഹ വീഡിയോ എന്ന ഈ ഒടിടി പ്ലാറ്റ്ഫോം തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. ടൊവീനോ നായകനായ മധുപാല്‍ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്‍' ആണ് അഹ അനൗണ്‍സ് ചെയ്തിരിക്കുന്ന പുതിയ റിലീസ്.

തെലുങ്ക് മൊഴിമാറ്റത്തിനൊപ്പം ചിത്രത്തിന്‍റെ പേരും മാറ്റിയിട്ടുണ്ട്. 'വ്യൂഹം' എന്നാണ് മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. ക്രിസ്‍മസ് റിലീസ് ആയി ഈ മാസം 25നാണ് ചിത്രത്തിന്‍റെ പ്രീമിയര്‍. സുന്ദരിയമ്മ കൊലക്കേസിനെ ആസ്‍പദമാക്കി ജീവന്‍ ജോബ് തോമസ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള മധുപാലിന്‍റെ സംവിധാനസംരംഭവുമായിരുന്നു. 2018 നവംബറിലായിരുന്നു റിലീസ്. ഒരു കുപ്രസിദ്ധ പയ്യനിലെയും ചോലയിലെ പ്രകടനം കണക്കിലെടുത്താണ് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നിമിഷ സജയനെ തേടിയെത്തിയത്.

അതേസമയം സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട പല മലയാളസിനിമകളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അഹ വീഡിയോ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൊവീനോയുടെ തന്നെ ഫോറന്‍സിക്, മായാനദി, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് തുടങ്ങിയവയൊക്കെ അക്കൂട്ടത്തിലുണ്ട്. തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണവുമാണ് ചിത്രങ്ങള്‍ക്കെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കാനാവുന്നത്.