'അജയന്റെ രണ്ടാം മോഷണ'മെന്ന ചിത്രത്തില്‍ ട്രിപ്പില്‍ റോളിലാണ് ടൊവിനൊ തോമസ് അഭിനയിക്കുന്നത്. 

ടൊവിനൊ തോമസ് (Tovino Thomas) നായകനാകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (Ajayante Randam Moshanam). ജിതിൻ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിന്റെ വര്‍ക്കിംഗ് സ്റ്റില്‍ ജിതിൻ ലാല്‍ തന്നെ പുറത്തുവിട്ടിരുന്നു. ട്രിപ്പിള്‍ റോളിലാകും ടൊവിനൊ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. 

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെ കടന്നു പോകുന്ന ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത കഥാപാത്രങ്ങളായിട്ടാണ് ടൊവിനൊ തോമസ് അഭിനയിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. ധിബു നിനൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കല്‍ക്കി, ഗോദ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറാണ് ജിതിൻ ലാല്‍.

ടൊവിനൊ തോമസ് നായകനാകുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടൊവിനൊ തോമസിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് കാണെക്കാണെയാണ്. അലൻ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ടൊവിനൊ തോമസ് വേഷമിട്ടത്. മികച്ച പ്രതികരണമായിരുന്നു കാണെക്കാണെയെന്ന ചിത്രത്തിന് ലഭിച്ചത്. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സുരാജ് വെഞ്ഞാറമൂടും ടൊവിനൊയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു കാണെക്കാണെയില്‍.