അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ഫഹദ് നായക കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രം 'ട്രാന്‍സി'ന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. 30ന് (വ്യാഴാഴ്‍ച) വൈകിട്ട് ഏഴിനാണ് പ്രദര്‍ശനം. വണ്‍ ബ്രേക്ക് മൂവി (പരസ്യത്തിനായുള്ള ഇടവേള ഒരിക്കല്‍ മാത്രം) ആയിരിക്കുമെന്നാണ് ഇതുസംബന്ധിച്ച പ്രൊമോ വീഡിയോകളില്‍ ഏഷ്യാനെറ്റ് അറിയിക്കുന്നത്.

കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍‌ ജോഷ്വ കാള്‍ട്ടണ്‍ ആയി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്‍റേത്. ചെമ്പന്‍ വിനോട് ജോസ്, സംവിധായകന്‍ ഗൌതം വസുദേവ് മേനോന്‍, ശ്രീനാധ് ഭാസി, നസ്രിയ നസീം, സൌബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫെബ്രുവരി 20ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഏപ്രില്‍ ഒന്നിനായിരുന്നു. ആമസോണ്‍ പ്രൈമിനായിരുന്നു ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ്. ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷമാണ് അന്‍വര്‍ റഷീദ് മറ്റൊരു ഫീച്ചര്‍ ചിത്രവുമായി എത്തുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി ആണ്. വിന്‍സെന്‍റ് വടക്കന്‍റേതാണ് തിരക്കഥ.