കാറ്റിലും മഴയിലും മരം കടപുഴകി വീണ് ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന ഡോ: രജിത് കുമാറിന്‍റെ വീടിന് കേടുപാട്. രജിത്തിന്‍റെ ആറ്റിങ്ങലിലെ വീടിന്‍റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് ഇന്നലെ മരം വീണ് ഭാഗികമായി തകര്‍ന്നത്. അയല്‍പക്കത്തെ പ്ലാവാണ് കടപുഴകി വീണത്. വീടിന്‍റെ മതില്‍ തകര്‍ത്ത് വരം വീണുകിടക്കുന്നതിന്‍റെ ചിത്രങ്ങളും രജിത് കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ഒട്ടേറെ ആരാധകരാണ് ഈ പോസ്റ്റിനു താഴെ അന്വേഷണങ്ങളുമായി എത്തിയത്. രജിത്തിന്‍റെ സുരക്ഷിതത്വമായിരുന്നു കൂടുതല്‍ പേര്‍ക്കും അറിയാനുണ്ടായിരുന്നത്. ഈ ചിത്രം മാത്രം പങ്കുവച്ചതില്‍ നിന്ന് രജിത്തിന് അപകടമില്ലെന്ന് മനസിലാക്കിയവര്‍ അക്കാര്യത്തില്‍ ആശ്വാസം പ്രകടിപ്പിച്ചും കമന്‍റ് ചെയ്തിട്ടുണ്ട്. 

വീടിനു മുകളില്‍ വീണ മരം മുറിച്ചു നീക്കിയതിനു ശേഷം അക്കാര്യവും രജിത് കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മറ്റു പണികള്‍ നാളെ തീര്‍ക്കുമെന്നും. അന്വേഷണങ്ങള്‍ക്ക് നന്ദിയും രജിത് കുമാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സുരക്ഷിതനായി ഇരിക്കണമെന്നും വീടിന്‍റെ മേല്‍ക്കൂര വൈകാതെ കോണ്‍ക്രീറ്റ് ചെയ്യണമെന്നുമൊക്കെ ഈ പോസ്റ്റിനു താഴെ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.