'ദളപതി 67' ല്‍ നായികയാകാൻ തൃഷ.

'വിക്രം' തീര്‍ത്ത ആരവങ്ങള്‍ തമിഴകത്ത് പുതിയൊരു സൂപ്പര്‍ സംവിധായകനെയാണ് അവതരിപ്പിച്ചത്. താരങ്ങളോളം തന്നെ ആരാധകരുള്ള സംവിധായകനായി മാറിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ പുതിയ സിനിമയ്‍ക്കായാണ് ഇനി കാത്തിരിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയ താരം വിജയ്‍യുമായാണ് ലോകേഷ് കനകരാജ് കൈകോര്‍ക്കുന്നത് എന്നതിനാല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നു. 'ദളപതി 67' എന്ന താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ തകര്‍പ്പൻ അപ്‍ഡേറ്റുകള്‍ പുറത്തുവരികയാണ്.

'ദളപതി 67' ഡിസംബര്‍ ആദ്യ ആഴ്‍ചയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തൃഷ കൃഷ്‍ണൻ ആയിരിക്കും ചിത്രത്തിലെ നായിക എന്നും ഡിടിനെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് അടുത്തിടെ ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. സുഹൃത്തുക്കളെ, എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് ഞാന്‍. എന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ഞാന്‍ ഉടന്‍ തിരിച്ചെത്തും. വീണ്ടും കാണാം, സ്‍നേഹത്തോടെ ലോകേഷ് കനകരാജ്, എന്നുമാണ് അദ്ദേഹം സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ കുറിച്ചത്.

കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'വിക്രം'. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, , കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആയിരുന്നു ഛായാഗ്രാഹകൻ.

Read More : രാജമൗലിയുടെ മഹേഷ് ബാബു ചിത്രത്തില്‍ വമ്പൻ ഹോളിവുഡ് താരവും