Asianet News MalayalamAsianet News Malayalam

'നടിപ്പിൻ നായക'ന്റെ 25 വര്‍ഷങ്ങള്‍, ട്വീറ്റുമായി സൂര്യ

'നടിപ്പിൻ നായകൻ' സൂര്യ സിനിമയിലെത്തി 25 വര്‍ഷങ്ങള്‍.

 

Truly a beautiful and blessed 25years Suriya says
Author
First Published Sep 6, 2022, 11:17 AM IST

തമിഴകത്തിന്റെ നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം തികയുന്നു. ഒട്ടനവധി മാസ് ചിത്രങ്ങളിലൂടെ വിജയ നായകപ്പട്ടം നേടി സൂര്യ ഇന്ന് അഭിനയമികവിന്റെയും മറുപേരാണ്. കരിയര്‍ ഇരുപത്തിയഞ്ചാം വര്‍ഷം എത്തിനില്‍ക്കുമ്പോളാണ് സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചത്. കൈ നിറയെ സിനിമകളുമായി ജൈത്രയാത്ര തുടരുന്ന സൂര്യ 25 വര്‍ഷം സ്വപ്‍നം പോലെയെന്നാണ് വിശേഷിപ്പിക്കുന്നത്.

ശരിക്കും മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍. സ്വപ്‍നവും വിശ്വാസവും എന്നും സൂര്യ ട്വിറ്റ് ചെയ്‍തിരിക്കുന്നു. 'നേറുക്ക് നേർ' എന്ന ചിത്രത്തിലൂടെ സൂര്യ എന്ന കഥാപാത്രം തന്നെയായി അഭിനയം തുടങ്ങിയ താരം ചുവടുറപ്പിച്ചത് ബാല സംവിധാനം ചെയ്‍ത 'നന്ദ'യിലൂടെയായിരുന്നു. തമിഴ് നടൻ ശിവകുമാരിന്റേയും ലക്ഷ്‍മിയുടെയും മകനായി ജനിച്ച സൂര്യ 'വാരണം ആയിരം', 'അയൻ', 'സിങ്കം', 'സിങ്കം 2', 'ഗജിനി', 'കാക്കാ കാക്കാ' തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി. സഹോദരൻ കാര്‍ത്തിയും നടനാണ്. തമിഴിലെ പ്രമുഖ നടി ജ്യോതികയാണ് ഭാര്യ. ദിയ എന്ന മകളും ദേവ് എന്ന മകനുമുണ്ട്.

നിലവില്‍ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്.  ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുക എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് ഒരു പീരീഡ് ഡ്രാമ ആയിരിക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം  നിര്‍മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് നിര്‍മാണം. യുവി ക്രിയേഷൻസിന്റെ സഹകരണത്തോടെയാണ് നിര്‍മാണം.  സിരുത്തൈ ശിവ- സൂര്യ ചിത്രത്തിന്റെ വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് സൂര്യയും വെട്രിമാരനും ഒന്നിച്ചുള്ളത്.   'വാടിവാസല്‍'  എന്ന് പേരിട്ടിരിക്കുന്ന സൂര്യ ചിത്രം സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ്.  'വാടിവാസല്‍' എന്ന ചിത്രം വൈകാതെ തുടങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡിസംബറില്‍ സൂര്യ- വെട്രിവാസല്‍ കൂട്ടുകെട്ടിന്റെ ചിത്രം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത,.

അടുത്തകാലത്തായി തമിഴകത്ത് നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി എത്തിയിരുന്നു. ഡയറക്റ്റ് ഒടിടി റിലീസുകളായി എത്തിയ 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നിവ വന്‍ അഭിപ്രായമാണ് സൂര്യക്ക് നേടിക്കൊടുത്തത്. 'സൂരറൈ പോട്രിലെ' അഭിനയത്തിനാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സൂര്യ സ്വന്തമാക്കിയത്. പിന്നാലെയെത്തിയ തിയറ്റര്‍ റിലീസ് 'എതര്‍ക്കും തുനിന്തവന്‍' വന്‍ വിജയമായില്ലെങ്കിലും പരാജയമായില്ല. കമല്‍ഹാസൻ നായകനായ ചിത്രത്തിലെ അതിഥി കഥാപാത്രവും സൂര്യക്ക് വലിയ പേര് നേടിക്കൊടുത്തു. ലോകേഷ് കനകരാജിന്‍റെ മള്‍ട്ടി സ്റ്റാര്‍ ചിത്രം വിക്രത്തിലെ 'റോളക്സ്'  സൂര്യയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മാറി. സൂര്യ നായകനാകുന്ന ഒട്ടേറെ പുതിയ ചിത്രങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രവും സൂര്യയുടേതായിട്ടുണ്ട്.  'സൂരറൈ പോട്രി'നു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.

Read More : ബോളിവുഡിനെ കരകയറ്റാൻ 'ബ്രഹ്‍മാസ്‍ത്ര', ഒരു ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു

Follow Us:
Download App:
  • android
  • ios