മോഹന്‍ലാല്‍ അലോസരത്തോടെ പെരുമാറുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉണ്ടായിരുന്നില്ല. ഈ വീഡിയോ ആണ് ചില യുട്യൂബ് ചാനലുകാര്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പ്രചരിപ്പിച്ചത്. 

കൊച്ചിയില്‍ നടന്ന 'അമ്മ' വാര്‍ഷിക ജനറല്‍ ബോഡി വേദിയില്‍ വച്ച് സംഘടനയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായെന്ന രീതിയില്‍ പ്രചരിയ്ക്കുന്ന വീഡിയോ വ്യാജം. മോഹന്‍ലാല്‍ അലോസരത്തോടെ പെരുമാറുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉണ്ടായിരുന്നില്ല. ഈ വീഡിയോ ആണ് ചില യുട്യൂബ് ചാനലുകാര്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പ്രചരിപ്പിച്ചത്. അന്ന് നടന്ന വാര്‍ത്താസമ്മേളനത്തിന് ശേഷവും ചോദ്യങ്ങളുമായി വിടാതെ കൂടിയ മാധ്യമപ്രവര്‍ത്തകനെ മോഹന്‍ലാല്‍ ശകാരിയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന നിലയിലായിരുന്നു പ്രചരണം. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചില വീഡിയോകള്‍ക്ക് യുട്യൂബില്‍ വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ ശബ്ദം ഉള്‍പ്പെടെയുള്ള വീഡിയോ പുറത്തെത്തിയതോടെയാണ് പ്രചരണം വ്യാജമെന്ന് തെളിഞ്ഞത്.

പുറത്തെത്തിയ വീഡിയോ പ്രകാരം താനുള്‍പ്പെടെയുള്ള 'അമ്മ' അംഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറോട് മുന്‍പില്‍ വച്ച കേക്കില്‍ ചാരി നില്‍ക്കരുതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതിന് പിന്നാലെ പശ്ചാത്തലത്തില്‍ കൂട്ടച്ചിരി ഉയരുന്നതും കേള്‍ക്കാം. 

അതേസമയം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലാല്‍. ജിബി-ജോജു എന്നീ നവാഗതരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറാ'ണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. ഇതിന്റെ ചിത്രീകരണം 11ന് കൊച്ചിയില്‍ തുടങ്ങും.