കൊവിഡ് സാഹചര്യം വന്നതിനു ശേഷം ബോളിവുഡിലെ തിയറ്റര്‍ വ്യവസായം വന്‍ നഷ്ടത്തിലാണ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം ഏതാനും മാസങ്ങള്‍ തിയറ്ററുകള്‍ തുറന്നിരുന്നെങ്കിലും വന്‍ റിലീസുകളൊന്നും തിയറ്ററുകളിലേക്ക് എത്തിയത്. അക്ഷയ് കുമാര്‍ നായകനായ 'ലക്ഷ്‍മി' ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു എത്തിയത്. അടുത്തിടെ ഈദ് റിലീസ് ആയി സല്‍മാന്‍റെ ഖാന്‍റെ 'രാധെ' ഹൈബ്രിഡ് റിലീസും (ഒടിടിയിലും തിയറ്ററുകളിലും ഒരേസമയം, രാധെ ഇന്ത്യയില്‍ ഒടിടി റിലീസും ചില വിദേശരാജ്യങ്ങളില്‍ തിയറ്റര്‍ റിലീസും ആയിരുന്നു) ആയിരുന്നു. കൊവിഡ് രണ്ടാംതരംഗം ഭീതിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഏറെക്കാലത്തേക്ക് തിയറ്റര്‍ വ്യവസായത്തിന് കരകയറാനാവില്ലെന്ന് ഉറപ്പാണ്. ഇപ്പോഴിതാ രണ്ട് അക്ഷയ് കുമാര്‍ ചിത്രങ്ങളുടെ റിലീസ് തീയതിയെച്ചൊല്ലിയാണ് ബോളിവുഡ് വൃത്തങ്ങളില്‍ ചര്‍ച്ച.

ബോളിവുഡ് ബോക്സ് ഓഫീസിന്‍റെ പ്രിയതാരങ്ങളില്‍ പ്രധാനിയായ അക്ഷയ് കുമാറിന്‍റെ രണ്ട് ചിത്രങ്ങളുടെ റിലീസിനെച്ചൊല്ലിയായിരുന്നു ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരണം നടന്നത്. രോഹിത്ത് ഷെട്ടിയുടെ സൂര്യവന്‍ശി, രഞ്ജിത്ത് എം തിവാരിയുടെ ബെല്‍ ബോട്ടം എന്നീ ചിത്രങ്ങളുടെ റിലീസ് തീയതി നിശ്ചയിച്ചുവെന്നും ഇരുചിത്രങ്ങളും സ്വാതന്ത്ര്യദിനത്തില്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുമെന്നുമായിരുന്നു പ്രചരണം. എന്നാല്‍ പ്രചരണം വര്‍ധിച്ചതോടെ അക്ഷയ് കുമാര്‍ തന്നെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തി.

രണ്ട് ചിത്രങ്ങളും സ്വാതന്ത്ര്യദിനത്തില്‍ എത്തുമെന്ന പ്രചരണം വെറും ഊഹാപോഹം മാത്രമാണെന്നാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം. റിലീസ് തീയതികളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ആലോചിക്കുകയാണെന്നും- "സൂര്യവന്‍ശിയുടെയും ബെല്‍ ബോട്ടത്തിന്‍റെയും റിലീസിനെക്കുറിച്ച് ആരാധകര്‍ക്കുള്ള ആകാംക്ഷ എന്നെ വിനയാന്വിതനാക്കുന്നു. അവരുടെ സ്നേഹത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി. അതേസമയം ഇരുചിത്രങ്ങളും സ്വാതന്ത്ര്യദിനത്തില്‍ പ്രദര്‍ശനത്തിനെത്തുമെന്നത് തികഞ്ഞ ഊഹാപോഹമാണ്. നിര്‍മ്മാതാക്കള്‍ റിലീസ് തീയതികളെക്കുറിച്ച് ആലോചിക്കുകയാണ്. അത് യഥാസമയത്ത് നിങ്ങളെ അറിയിക്കുന്നതുമായിരിക്കും", അക്ഷയ് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രോഹിത്ത് ഷെട്ടി കോപ്പ് യൂണിവേഴ്സിലെ നാലാം ചിത്രമായ സൂര്യവന്‍ശി ആദ്യം 2020 മാര്‍ച്ച് 24ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ്. കൊവിഡ് കാരമം മാറ്റിയ റിലീസ് പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ 30ലേക്കും തീരുമാനിച്ചിരുന്നു. ബെല്‍ബോട്ടവും നേരത്തെ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 2ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് അത്.