യഷ് പങ്കെടുത്ത ചടങ്ങിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ഹൈദരാബാദ്: യഷ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം ടോക്സിക്കിന്‍റെ പ്രൊമോഷനിടെ അപകടം. ഹൈദരാബാദിലെ മല്ല റെഡ്ഡി സര്‍വ്വകലാശാലയിലാണ് സംഭവം. സ്റ്റാൻഡിൽ ഉയർത്തി സ്ഥാപിച്ചിരുന്ന സ്പീക്കർ കൺസോളും ഫ്ലഡ് ലൈറ്റുകളും താഴേക്ക് പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഒരു വിദ്യാർഥിയുടെ പരിക്ക് അല്‍പം സാരമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. ആരാധകരും പ്രചാരണ പരിപാടി നടന്ന മല്ല റെഡ്ഡി സർവകലാശാലയിലെ വിദ്യാർത്ഥികളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം വേദിക്ക് താഴെ ഉണ്ടായിരുന്നു. യഷ് പ്രസംഗിക്കുന്നത് കൂടുതൽ വ്യക്തമായി കാണുന്നതിനായി ചിലർ സ്റ്റാന്റുകളിൽ കയറാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പ്രസംഗം നിർത്തി എന്താണ് സംഭവിച്ചതെന്ന് യഷ് സംഘാടകരോട് ചോദിച്ചുവെങ്കിലും വലിയ പ്രശ്നങ്ങളില്ലെന്ന് മറുപടി കിട്ടിയതോടെ പ്രസംഗം തുടരുകയായിരുന്നു. സംഭവത്തിൽ തെലങ്കാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിയറിലെ ഏറ്റവും വലിയ വിജയമായ കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇതിനകം നേടിയിട്ടുള്ള ചിത്രമാണ് ടോക്സിക്. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും കൗതുകം. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. റിലീസ് പലകുറി മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തുന്നത് തിരുവോണ ദിനമായ 26 നാണ്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകിയ സൂചന. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബിംഗ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെവിഎന്‍ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രമാണ് ടോക്സിക്. കെജിഎഫ് കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന ചിത്രമായതിനാല്‍ യഷിനെ സംബന്ധിച്ച് ഒരു വലിയ വിജയം അത്യന്താപേക്ഷിതമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming