കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന മന്‍മീതിനെ രക്ഷപ്പെടുത്താനായി ഭാര്യ സഹായം തേടിയെങ്കിലും നടന് കൊവിഡാണെന്ന ഭയത്താല്‍ അയല്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം 

മുംബൈ: ലോക്ക്ഡൌണില്‍ ഷൂട്ടിംഗ് നിലച്ചു, തൊഴില്‍ നഷ്ടമായ സീരിയല്‍ നടന്‍ ആത്മഹത്യ ചെയ്തു. നടന് കൊവിഡ് 19 ആണെന്ന് കരുതി തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധ നേടിയ മന്‍മീത് ഗ്രേവാളാണ് നവിമുംബൈയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. ലോക്ക്ഡൌണ്‍ സമയത്ത് ടി വി പരിപാടികള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട ഈ മുപ്പത്തിരണ്ടുകാരനായ നടനെ താഴെയിറക്കാന്‍ ശ്രമിച്ച മന്‍മീതിന്‍റെ ഭാര്യയുടെ കരച്ചിലിനോട് അയല്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നടന് കൊറോണ വൈറസ് ബാധയാണെന്ന ധാരണയെത്തുടര്‍ന്നായിരുന്നു അയല്‍ക്കാര്‍ സഹായിക്കാന്‍ എത്താതിരുന്നതെന്നാണ് സൂചന. ഭാര്യ അടുക്കളയിലായിരുന്ന സമയത്താണ് ഇയാള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. കസേര വീഴുന്ന ശബ്ദം കേട്ടെത്തിയ ഭാര്യ തൂങ്ങി നില്‍ക്കുന്ന മന്‍മീതിനെ കണ്ടു രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഒടുവില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തിയാണ് മന്‍മീതിനെ താഴെയിറക്കിയത്. ലോക്ക്ഡൌണിനേ തുടര്‍ന്ന് വീട്ടുവാടക പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാളെന്നായിരുന്നു വിവരം. കടബാധ്യത അധികരിച്ചതിനേ തുടര്‍ന്ന് ഭാര്യയുടെ ആഭരണങ്ങളും നടന്‍ പണയപ്പെടുത്തിയിരുന്നു. എന്നാല്‍ മന്‍മീതിന്‍റെ പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും തോന്നിയില്ലെന്നാണ് ഭാര്യയും സുഹൃത്തുക്കളും പറയുന്നത്. സബ്ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നു കോമഡി ഡ്രാമ ആദത് സേ മജ്ബൂര്‍ എന്ന പരിപാടിയിലും സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുല്‍ദീപിലും മന്‍മീത് അഭിനയിച്ചിരുന്നു.