ട്രഷര്‍ ഹണ്ടിന്‍റെ കഥ പറയുന്ന ചിത്രം

ആഗോള ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ 'സ്പൈഡര്‍മാന്‍: നോ വേ ഹോ'മിനു ശേഷം ടോം ഹോളണ്ട് (Tom Holland) നായകനായെത്തുന്ന ചിത്രമാണ് 'അണ്‍ചാര്‍ട്ടഡ്' (Uncharted). ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആവേശം പകരുന്ന ഒരു ട്രഷര്‍ ഹണ്ടിന്‍റെ കഥയാണ് പറയുന്നത്. സോംബിലാന്‍ഡ്, വെനം തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ റൂബന്‍ ഫ്ലെഷര്‍ ആണ് സംവിധാനം. ചിത്രത്തിന്‍റെ ഫൈനല്‍ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

നഥാന്‍ ഡ്രേക്ക് എന്ന ടോം ഹോളണ്ടിന്‍റെ നായകന്‍ അഞ്ച് ബില്യണ്‍ ഡോളറിന്‍റെ ഒരു ട്രഷര്‍ ഹണ്ടിനായി നിയോഗിക്കപ്പെടുകയാണ്. മാര്‍ക്ക് വാല്‍ബെര്‍ഗ് അവതരിപ്പിക്കുന്ന വിക്ടര്‍ സുള്ളിവനാണ് നഥാനു മുന്നില്‍ ഓഫര്‍ വെക്കുന്നത്. ഒരു ഹെയ്സ്റ്റ് എന്ന രീതിയില്‍ ആരംഭിക്കുന്ന മിഷന്‍റെ ഭാഗമായി ലോകമങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണ് ഇരുവരും. അവരെ കാത്തിരിക്കുന്ന അവിചാരിതവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ് ചിത്രത്തെ രസകരമാക്കുന്നത്. റേഫ് ലീ ജുഡ്‍കിന്‍സ്, ആര്‍ട്ട് മാര്‍ക്കം, മാറ്റ് ഹോളോവേ എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നോട്ടി ഡോഗിന്‍റെ ഒരു പ്ലേ സ്റ്റേഷന്‍ വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തും.