കേരളത്തിലെ തീയേറ്ററുകളില്‍ മികച്ച മൗത്ത് പബ്ലിസിറ്റിയുമായി പ്രദര്‍ശനം തുടരുന്നതിനിടെ യുഎഇ, ജിസിസി റിലീസുമായി മമ്മൂട്ടി ചിത്രം 'ഉണ്ട'. ഇന്ന് മുതലാണ് ചിത്രത്തിന്റെ ഗള്‍ഫ് നാടുകളിലെ പ്രദര്‍ശനം. യുഎഇയില്‍ 55 തീയേറ്ററുകളിലും ജിസിസിയില്‍ 37 തീയേറ്ററുകളിലും പ്രദര്‍ശനമുണ്ട്. ജിസിസി മേഖലയില്‍ ഒമാനിലാണ് വലിയ റിലീസ്. 15 തീയേറ്ററുകളിലായാണ് ഒമാനിലെ പ്രദര്‍ശനം. കൂടാതെ സൗദിയില്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രവും ആയിരിക്കുകയാണ് 'ഉണ്ട'.

അതേസമയം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഗാനഗന്ധര്‍വ്വന്റെ' സെറ്റില്‍ മമ്മൂട്ടി 'ഉണ്ട'യുടെ വിജയം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചു. ചിത്രത്തിന്റെ സംവിധായകനായ രമേശ് പിഷാരടി, മുകേഷ്, ഛായാഗ്രാഹകന്‍ അഴകപ്പന്‍ എന്നിവരും സെറ്റിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷത്തില്‍ പങ്കെടുത്തു.

ഛത്തിസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. 131 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എട്ട് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.