'മാമാങ്ക'ത്തിന്റെ റിലീസ് തീയ്യതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതായുള്ള ഒരു ഓഡിയോ ക്ലിപ്പ് തന്റേതെന്ന പേരില്‍ പ്രചരിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദന്‍. എന്നാല്‍ അത് വ്യാജമാണെന്നും ഉണ്ണി പറയുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഒഫിഷ്യല്‍ പേജാണ് ഫോളോ ചെയ്യേണ്ടതെന്നും.

അതേസമയം മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്കം' ഈ മാസം 21നാണ് തീയേറ്ററുകളിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ പതിപ്പുകളിലും ചിത്രം എത്തും. മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. 'ചന്ദ്രോത്ത് പണിക്കര്‍' എന്ന യോദ്ധാവിനെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനുവേണ്ടി ശാരീരികമായ വലിയ തയ്യാറെടുപ്പുകളും നടത്തിയിരുന്നു അദ്ദേഹം.

വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 50 കോടിയാണ്. വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളില്‍ ആയിരുന്നു.