മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ ചിത്രം

രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താല്‍പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിച്ചിട്ടുണ്ട്. 

പ്ലോട്ട്, കഥാപാത്രങ്ങള്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്സിന് പിഡിഎഫ് ഫോര്‍മാറ്റില്‍ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയില്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേര്‍ത്തിരിക്കണം. stories@umfpl.com എന്ന ഇമെയില്‍ വിലാസത്തിലും +91 7902742209 എന്ന വാട്സ്ആപ്പ് നമ്പരിലുമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അപേക്ഷകള്‍ക്കൊപ്പം ആക്റ്റിംഗ് വീഡിയോകള്‍ അയക്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

2022 ല്‍ പുറത്തെത്തിയ മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രമാണ് ഇത്. 2022 ജനുവരി 14ന് തിയറ്ററുകളിലെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലത്തിലും മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്. അഞ്ജു കുര്യന്‍ നായികയായ ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ പുറത്തെത്തിയ ഷെഫീക്കിന്‍റെ സന്തോഷമാണ് ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ രണ്ടാം ചിത്രം.

ALSO READ : 4ഡിഎക്സില്‍ വരാന്‍ 'പൊന്നിയിന്‍ സെല്‍വന്‍ 2'; തെന്നിന്ത്യയില്‍ ആദ്യ ചിത്രം