പുതുവത്സര ദിനത്തിൽ നടൻ ഉണ്ണി മുകുന്ദൻ തമിഴ്നാട് ബിജെപി നേതാവ് കെ. അണ്ണാമലൈയെ സന്ദർശിച്ചു. അണ്ണാമലൈ തനിക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ ജീവിതവും 'ബിയോണ്ട് ഖാക്കി' എന്ന പുസ്തകവും തന്നെ സ്വാധീനിച്ചുവെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
പുതുവർഷപുലരിയിൽ ബിജെപി നേതാവും തമിഴ്നാട് മുൻ ബിജെപി അധ്യക്ഷനുമായ കെ. അണ്ണാമലൈയെ സന്ദർശിച്ച് നടൻ ഉണ്ണി മുകുന്ദൻ. അണ്ണാമലൈയ്‌ക്കൊപ്പം പങ്കിട്ട നിമിഷങ്ങളെക്കുറിച്ച് അദ്ദേഹം ചിത്രം സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചു. തങ്ങൾക്കിടയിൽ ആഴത്തിലുള്ള സൗഹൃദമുണ്ടെന്നും അണ്ണാമലൈ തനിക്ക് നൽകുന്ന പ്രചോദനം ചെറുതല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
2026-ന്റെ ആദ്യ ദിനത്തിൽ, എന്നെയടക്കം നിരവധിയാളുകളെ നിശബ്ദമായി പ്രചോദിപ്പിച്ച വ്യക്തിയോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ എനിക്ക് സാധിച്ചു. ജെൻസീ തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹം. കൂടിക്കാഴ്ചയിൽ ജീവിതം, രാഷ്ട്രീയം, കായികം, സിനിമ തുടങ്ങി നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനങ്ങൾ വരെ ഹൃദ്യമായ സംഭാഷണമായി മാറി. കഠിനമായ അച്ചടക്കവും ധീരതയും നിറഞ്ഞ ജീവിതം നയിച്ചിട്ടും അദ്ദേഹം പുലർത്തുന്ന വിനയം എന്നെ അത്ഭുതപ്പെടുത്തിയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ, തന്റെ യൂണിഫോമിന്റെ സുരക്ഷിതത്വത്തിൽ നിന്ന് മാറി, ലക്ഷ്യബോധത്തോടെ രാഷ്ട്രീയത്തിന്റെ പ്രവചനാതീതമായ ലോകത്തേക്ക് ഇറങ്ങിത്തിരിച്ചത് എത്രത്തോളം പ്രചോദനകരമാണെന്ന് ഞാൻ അദ്ദേഹത്തോട് പങ്കുവെച്ചു. അദ്ദേഹത്തിന്റെ 'ബിയോണ്ട് ഖാക്കി' (Beyond Khakhi) എന്ന പുസ്തകം ഒരു വായനക്കാരൻ എന്ന നിലയിലും ജീവിതയാത്രകൾ ലക്ഷ്യബോധത്തോടെ ആയിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിലും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
നിങ്ങളുടെ സ്നേഹത്തിനും സ്വാദിഷ്ടമായ നാടൻ ഭക്ഷണത്തിനും എനിക്കായി ചിലവഴിച്ച സമയത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഏറെ നാളായി ആഗ്രഹിച്ച ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്. ഒരു പുതിയ വർഷത്തിന്റെ ആദ്യ ദിനത്തിൽ തന്നെ അത് നടന്നത് തികച്ചും അനുയോജ്യമായെന്നും ഉണ്ണി പറഞ്ഞു.
