'ദൈവങ്ങൾക്ക് പോലും അസൂയ തോന്നിയ ഗന്ധർവന്മാര്‍'; അറിയാക്കഥയുമായി ഉണ്ണി മുകുന്ദൻ ചിത്രം
'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഫാന്റസി ചിത്രങ്ങളോട് താല്പര്യമില്ലാത്തവർ വളരെ കുറവായിരിക്കും. പ്രേക്ഷകനെ മറ്റൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഇത്തരം ചിത്രങ്ങൾ മലയാള സിനിമയുടെ തുടക്ക കാലഘട്ടം മുതൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയാണ് 'ഗന്ധർവ്വ ജൂനിയർ'. ഏറെ കാത്തിരിപ്പ് ഉയർത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'വേൾഡ് ഓഫ് ഗന്ധർവ്വാസ്' എന്ന പേരിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പതിവ് ഗന്ധർവ്വ സങ്കൽപങ്ങളെ പൊളിച്ചെഴുതുന്നതായിരിക്കും ഈ ചിത്രമെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. അരാലും പറയപ്പെടാതെ പോയ ഗന്ധർവ്വന്മാരുടെ പോരാട്ടങ്ങളുടെ കഥയാകും ചിത്രം പറയുക എന്നും സൂചന ലഭിക്കുന്നുണ്ട്. എന്തായാലും പുതിയ അപ്ഡേഷൻ വന്നതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ആരാധക ആകാംക്ഷ വർദ്ധിച്ചിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 10നാണ് ഗന്ധർവ്വ ജൂനിയറിന്റെ ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്‍ണു അരവിന്ദ് ആണ്. പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ. ചിത്രത്തിൽ ഗന്ധർവ്വനായി ഉണ്ണി മുകുന്ദൻ എത്തും.
പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമ ആയിരിക്കും ഗന്ധർവ്വ ജൂനിയർ. 40 കോടി ബജറ്റിൽ ആകും സിനിമ ഒരുങ്ങുക എന്ന് പ്രഖ്യാപന വേളയിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. അതേസമയം, മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
'ഞാൻ മമ്മൂട്ടിയെ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്നേഹിക്കുന്നു'
ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രം, വെർച്വൽ പ്രൊഡക്ഷൻ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്. പി ആർ & മാർക്കറ്റിങ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ