കൊച്ചി: ശബരിമല യുവതീപ്രവേശന വിധി പുറത്തുവന്നതിന് പിന്നാലെ വൃശ്ചികമൊന്നിന് മാലയിട്ട് മലകയറുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ആശംസകളുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് മലകയറാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഉണ്ണിമുകുന്ദന്‍ മണ്ഡലകാലം ആശംസിക്കുന്നത്. 

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയ പുനപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ മാറ്റിവച്ചതിന് പിന്നാലെ യുവതീപ്രവേശനം അനുവദിക്കില്ലെന്ന് വിവിധ വിശ്വാസ സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ പത്ത് യുവതികളെ പമ്പയിൽ പൊലീസ് തടഞ്ഞിരുന്നു.

ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചത്.

അഞ്ച് സെക്‌ടറുകളായി തിരിച്ച് പതിനായിരം പൊലീസുകാരെയാണ് ശബരിമല പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ട്. പരമ്പരാഗത കാനനപാതകള്‍ വഴി തീർത്ഥാടകരെ കയറ്റിവിടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

ഉണ്ണിമുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 

ആചാരങ്ങൾ പാലിച്ച് വിശ്വാസങ്ങൾ മുറുകെ പിടിച്ച് വൃത ശുദ്ധിയുടേയും, മന ശുദ്ധിയുടേയും, ശരണം വിളികളുടേയും പുണ്യ ദിനങ്ങൾക്ക് ആരംഭം കുറിച്ച് വീണ്ടും ഒരു വൃശ്ചിക പുലരി കൂടി.....
ഏവർക്കും ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം ആശംസിക്കുന്നു
#സ്വാമി ശരണം #തത്വമസി