Asianet News MalayalamAsianet News Malayalam

'മതവികാരത്തെ വ്രണപ്പെടുത്തി'; 'മിര്‍സാപൂരി'നെതിരെയും യുപി പൊലീസിന്‍റെ എഫ്ഐആര്‍

നിര്‍മ്മാതാക്കളായ റിതേഷ് സധ്വാനി, ഫര്‍ഹാന്‍ അഖ്‍തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോയ്ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

up police filed an fir against makers of mirzapur web series
Author
Thiruvananthapuram, First Published Jan 19, 2021, 12:34 PM IST

'താണ്ഡവി'നു പിന്നാലെ ആമസോണ്‍ പ്രൈമിന്‍റെ മറ്റൊരു വെബ് സിരീസിനെതിരെയും യുപി പൊലീസിന്‍റെ കേസ്. 2018, 2020 വര്‍ഷങ്ങളില്‍ രണ്ട് സീസണുകളായെത്തിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ വെബ് സിരീസ് 'മിര്‍സാപൂരി'നെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. വിന്ധ്യാവാസിനി ദേവിയുടെ ക്ഷേത്രത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന മിര്‍സാപൂരിന്‍റെ പ്രതിച്ഛായയെ വെബ് സിരീസ് മോശമാക്കുന്നുവെന്നും പ്രദേശവാസികളുടെ മത, സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടി. അര്‍വിന്ദ് ചതുര്‍വേദി എന്നയാളാണ് മിര്‍സാപൂര്‍ കോട്‍വാലി പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

നിര്‍മ്മാതാക്കളായ റിതേഷ് സധ്വാനി, ഫര്‍ഹാന്‍ അഖ്‍തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോയ്ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മിര്‍സാപൂര്‍ എസ്‍പി അജയ് കുമാര്‍ സിംഗ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഐപിസിയിലെ 295-എ, 504, 505, 34, ഐടി ആക്ടിലെ 67 എ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മിര്‍സാപൂര്‍ എന്ന വെബ് സിരീസ് വിദ്വേഷം നിറഞ്ഞതാണെന്നും തെറിവാക്കുകളും അവിഹിത ബന്ധങ്ങളുമാണ് അതിലുള്ളതെന്നുമാണ് അര്‍വിന്ദ് ചതുര്‍വേദിയുടെ പരാതിയിലുള്ളത്. ഇത് യഥാര്‍ഥ മിര്‍സാപൂരിലെ ജനങ്ങളുടെ മതപരവും സാമൂഹികവുമായ വികാരങ്ങളെ ബോധപൂര്‍വ്വം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് പരാതിയിലെ വാദം. 

ആമസോണ്‍ പ്രൈമിന്‍റെ 'താണ്ഡവ്' എന്ന ഏറ്റവും പുതിയ വെബ് സിരീസിനെതിരെയും യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വെബ് സിരീസ് ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചാണ്ടിക്കാട്ടി ഉയര്‍ന്ന പരാതികളിന്മേലായിരുന്നു കേസ്. പ്രമുഖ ബിജെപി നേതാക്കള്‍ സിരീസിനെതിരെ രംഗത്തെത്തിയതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗ് ക്യാംപെയ്‍നും നടന്നിരുന്നു. തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആമസോണ്‍ പ്രൈമിനോട് വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് വെബ് സിരീസിന്‍റെ അണിയറക്കാര്‍ നിരുപാധികം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ക്ഷമാപണം നടത്തിയതുകൊണ്ട് പരാതിയിന്മേലുള്ള തങ്ങളുടെ അന്വേഷണം അവസാനിക്കുന്നില്ലെന്നാണ് യുപി പൊലീസിന്‍റെ പ്രതികരണം. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അണിയറപ്രവര്‍ത്തകരെ ചോദ്യംചെയ്യാന്‍ യുപി പൊലീസ് മുംബൈക്ക് തിരിച്ചിരിക്കുകയാണ്. അതേസമയം സിരീസിനെതിരെ ഗ്രേറ്റര്‍ നോയ്‍ഡയിലും പുതുതായി ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios