Asianet News MalayalamAsianet News Malayalam

UP film city|യുപിയില്‍ പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റി, ബിഡ്ഡുകള്‍ ക്ഷണിച്ചു

ഉത്തര്‍പ്രദേശില്‍  പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റിക്കായി ബിഡ്ഡുകള്‍ ക്ഷണിച്ചു.
 

Uttar Pradesh invites bids for 10000 crore film city
Author
Kochi, First Published Nov 22, 2021, 10:42 PM IST

രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി  ഉത്തര്‍പ്രദേശില്‍ (Uttar Pradesh film city project) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ബോളിവുഡിലെ പ്രമുഖരെയടക്കം കണ്ട് യോഗി ആദിത്യനാഥ് പിന്തുണയും തേടിയിരുന്നു. ഇപോഴിതാ  ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് യമുന എക്സ്‍പ്രസ്‍വേ  ഇൻഡസ്‍ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ്.

പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റിയുടെ വികസനത്തിനുള്ള ബിഡ്ഡുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം. 1000 ഏക്കര്‍ സ്ഥലത്ത് ആണ് ഫിലിം സിറ്റി നിര്‍മിക്കുക. ഇതില്‍ 740 ഏക്കര്‍ സിനിമ ചിത്രീകരണമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 40 ഏക്കര്‍ സിനിമ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ ഗൗതം ബുദ്ധ് നഗറിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ തന്നെ നിർദിഷ്ട ഫിലിം സിറ്റിക്കായി 1,000 ഏക്കർ ഭൂമി യമുന എക്‌സ്‌പ്രസ്‌വേയോട് അനുബന്ധിച്ച് കണ്ടെത്തുകയും ചെയ്‍തു. ദില്ലിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഇത്. ആഗ്രയിൽ നിന്ന് 150 കിലോമീറ്ററും അകലെയായിട്ടാണ് ഫിലിം സിറ്റി സ്ഥാപിക്കുക.

പൊതു- സ്വകാര്യ മേഖല പങ്കാളിത്തത്തോടെയാകും ഫിലിം സിറ്റിയുടെ നിര്‍മാണമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ നോഡല്‍ ഏജൻസിയായി യുമുന എക്സ‍്‍പ്രസ്‍വേ ഇൻഡസ്‍ട്രിയല്‍ ഡെവലപ്‍മെന്റ് അതോറിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‍തിരുന്നു. വലിയ സിനിമ വ്യവസായമാണ് ഉത്തര്‍പ്രദേശ് ഫിലിം സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. മഹാരാഷ്‍ട്രയിലെ ഒരു വ്യവസായവും ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞപ്പോള്‍ ആരോഗ്യപരമായ മത്സരമാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ മറുപടി.

Follow Us:
Download App:
  • android
  • ios