Asianet News MalayalamAsianet News Malayalam

Churuli movie: 'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'; ചുരുളിയെ കുറിച്ച് വി എ ശ്രീകുമാർ

മറ്റു ഇന്ത്യന്‍ ഭാഷകളിലും സത്യം 'പച്ചക്ക് പറയുന്ന' സിനിമകള്‍ ഉണ്ടാകാന്‍ ചുരുളി കാരണമാകുമെന്നും ശ്രീകുമാർ പറയുന്നു. 

V A Shrikumar facebook post about churuli movie
Author
Kochi, First Published Nov 25, 2021, 8:00 PM IST
  • Facebook
  • Twitter
  • Whatsapp

ലയാള സിനിമാ മേഖലയിൽ അടുത്തിടെയായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ചുരുളി(Churuli). ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയത്.  പിന്നാലെ പരാതിയുമായി യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാരും എത്തി. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar) പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

ചുരുളിയിലെ എല്ലാ അണിയറപ്രവർത്തകരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചുവെന്നും തന്നെക്കൊണ്ട് ഒരിക്കലും ഇത്തരം ഒരു ചിത്രം ഒരുക്കാൻ സാധിക്കില്ല എന്ന് ശ്രീകുമാർ പറയുന്നു.  സിനിമയിലെ ഭാഷയെക്കുറിച്ച് ഏറെ ചർച്ച കണ്ടു. സിനിമ ആവശ്യപ്പെടുന്ന പദപ്രയോഗങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. അസഹ്യമായി തോന്നുന്നവർ സിനിമ കാണണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു ഇന്ത്യന്‍ ഭാഷകളിലും സത്യം 'പച്ചക്ക് പറയുന്ന' സിനിമകള്‍ ഉണ്ടാകാന്‍ ചുരുളി കാരണമാകുമെന്നും ശ്രീകുമാർ പറയുന്നു. 

വി എ ശ്രീകുമാറിന്റെ പോസ്റ്റ്

ചുരുളി കണ്ടു.

ലിജോയുടെ സിനിമ എന്നതിനൊപ്പം മധു നീലകണ്ഠന്റെ ക്യാമറ എന്നതും എന്നെ ചുരുളിയോട് അടുപ്പിക്കുന്ന ഘടകമാണ്. മധുവിന്റെ ക്യാമറ എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. നിരവധി പരസ്യചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. മധുവിനു മാത്രം കഴിയുന്ന ചിലതുണ്ട്. പ്രത്യേകിച്ച്, റിയലും അതേ സമയം ഫാന്റസിയും എന്ന ചുരുളിയുടെ ചേരുവ. മിത്തേത് യാഥാര്‍ത്ഥ്യമേത് എന്ന് തിരിച്ചറിയാനാവാത്ത വിധമുള്ള ചുരുളിയുടെ കെട്ടുപിണച്ചിലിന്റെ അനുഭവം കാഴ്ചയും കേള്‍വിയുമായി സിനിമയില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു.

സിനിമയുടെ കേള്‍വിയിലേയ്ക്ക് തന്നെ വരാം. ശബ്ദങ്ങളാണ് സിനിമയുടെ തലമുയര്‍ത്തുന്നത്. സിനിമ തുടങ്ങുമ്പോള്‍ ഷാജിവനോട് പെങ്ങളുടെ ശബ്ദം പറയുന്ന മാടന്റെ കഥ, പിന്നീട് അവര്‍ കണ്ടുമുട്ടുമ്പോള്‍ പറഞ്ഞതാണ്. ആ പെണ്‍ശബ്ദത്തെ തിരഞ്ഞെടുത്തതുമുതല്‍ ചുരുളിയുടെ ശബ്ദലോകം ആരംഭിക്കുന്നു. പിന്നീട് ആന്റണിയും ഷാജിവനും നടത്തുന്ന ബസ് യാത്രയിലേയ്ക്ക് എത്തുമ്പോള്‍, അവരുടെ സംഭാഷണങ്ങളില്‍ നിന്നും ഇരുവരും പൊലീസുകാരാണെന്നും ഏല്‍പ്പിക്കപ്പെട്ട ദൗത്യം എന്താണെന്നും പറയുന്നു. പറച്ചിലിലൂടെയാണ് യാഥാര്‍ത്ഥ്യത്തെ കാഴ്ചയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നത്. വിശ്വസിപ്പിക്കുക എന്നതാണല്ലോ മേക്കിങ്. ചുരുളിയും അവിടുള്ള മനുഷ്യരും മാടനുമെല്ലാം ഉള്ളതെന്ന് വിശ്വസിക്കാന്‍ കഴിയുന്നത്, ഉള്ള ഭാഷയില്‍ സംസാരിക്കുന്നതിനാലാണ്. പച്ചയ്ക്ക് പറയുകയാണ് കാര്യവും കഥയും. ആ ഒരു പച്ചപ്പു തന്നെയാണ് ചുരുളിയിലുടനീളമുള്ളത്.

ഇത്തരം ഒരു സിനിമ എനിക്ക് ചെയ്യാനാവില്ല. പക്ഷെ, ഇത്തരത്തില്‍ പച്ചയ്ക്ക് ജീവിതത്തില്‍ സംസാരിക്കുന്നയാള്‍ തന്നെയാണ് ഞാന്‍. സംസ്‌കൃതീകരിച്ച ശാസ്ത്രീയതയൊന്നും ചില വൈകാരിക ഘട്ടങ്ങളില്‍ എന്റെ ഭാഷയ്ക്കും ഉണ്ടാകാറില്ല. സിനിമയിലെ ഭാഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടു.

ഒളിപ്പിച്ചിരിക്കുന്ന ഒരാളെ തേടി അജ്ഞാതരായ രണ്ടു പേര്‍ വരുന്നു. അവര്‍ പൊലീസുകാരാണെന്ന് എല്ലാവര്‍ക്കും അതിനു മുന്‍പേ അറിയാം. അങ്ങനെയുള്ള കഥാഘട്ടത്തില്‍ ജോജുവിന്റെ ക്യാരക്ടര്‍ അങ്ങനെ തന്നെ സംസാരിക്കുന്നതാണ് സ്വാഭാവികത. ആ സമയത്ത് 'മാന്യമായ' ഭാഷയില്‍ സംസാരിക്കുന്നത് ആ കഥാപാത്രത്തിന് ചേര്‍ന്നതല്ല. സിനിമയിലെ ഭാഷ തന്നെ ഉപയോഗിക്കണം. അപ്പോള്‍ മാത്രമേ സത്യസന്ധത ഉണ്ടാകു. ചുരുളിയില്‍ തെറിയുണ്ട് എന്നു പറയുന്നവരുണ്ടാകാം. അസഹ്യമാണെങ്കില്‍ അവരത് കാണണ്ട എന്നേ പറയാനുള്ളു. ചില ക്ലിപ്പുകള്‍ അടര്‍ത്തി എടുത്ത് പ്രചരിപ്പിച്ച് ഇത് 'തൊട്ടുകൂടാന്‍' പാടില്ലാത്ത സിനിമയാണ് എന്നു പറയുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. നമ്മുടെ സാഹിത്യകാരന്മാര്‍ സിനിമാ പാട്ടുകള്‍ എന്ന നിലയ്ക്ക് എഴുതി വെച്ചിരിക്കുന്നത് ഇഴ പിരിച്ചു നോക്കൂ. അതില്‍ പലതും പച്ചത്തെറികളല്ലേ. നമ്മുടെ കുഞ്ഞുങ്ങള്‍ അതെല്ലാം വേദികളില്‍ നിന്ന് പാടുന്നത് കേട്ടിട്ടില്ലേ. നമ്മള്‍ തന്നെ അത് പാടി നടക്കാറുമുണ്ട്. അതൊന്നും അപഗ്രഥിക്കപ്പെട്ടിട്ടില്ല. ലിജോയെ പോലെ മലയാളിക്ക് അഭിമാനമായ ഒരു സംവിധായകനെ ഇകഴ്ത്താന്‍ വേണ്ടിയുള്ള ഒരു വിവാദം മാത്രമായേ, ചുരുളി തെറിയാണ് എന്നു പറയുന്നതിനെ കാണാന്‍ സാധിക്കു. ചുരുളി മലയാളിയുടെ കപടധാര്‍മ്മികതയെ പൊളിച്ചെഴുതുന്നുണ്ട്. നാമത് ഉള്‍ക്കൊള്ളണം.

അധികാരത്തിന്റെയും അധീശത്വത്തിന്റെയും മാത്രമല്ല നിസഹായതയുടേയും ഭയത്തിന്റെയുമെല്ലാം ശബ്ദമായും ചിലത് വരും. 'നായിന്റെ മോനേ' എന്നത് സെന്‍സര്‍ കട്ടില്ലാതെ തിയറ്ററുകളില്‍ കുടുംബ സമേതം നാമിരുന്ന് കാണാറുണ്ട്. 'താങ്കളുടെ അച്ഛന്‍ നായയാണ്' എന്നതിന്റെ അര്‍ത്ഥം എന്താണ്? നേരിട്ട് അമ്മയേയും അമ്മയുടെ ലൈംഗികതയേയും കുറിച്ചാണ് പറയുന്നത്. 'തെണ്ടി'- എന്നാല്‍ യാചകനേ എന്നും. ഒരാള്‍ യാചകനാകുന്നത്, ആ അവസ്ഥ എങ്ങനെയാണ് തെറിയാകുന്നത്? നാം പലരും അറിയാതെ വിളിച്ചു പോകുന്ന വാക്കുകളാണിവ. നാം വിളിക്കുന്ന തെറികളുടെ അര്‍ത്ഥവും വ്യാപ്തിയും ചിന്തിച്ചാല്‍ തെറി എന്ന നിലയ്ക്ക് ഇപ്പോള്‍ വിളിക്കുന്ന പലതും വിളിക്കില്ല. ഇതേ തെറികള്‍ നാം ആഘോഷിക്കുന്ന ഇംഗ്ലീഷ് അടക്കമുള്ള വിദേശ ചിത്രങ്ങളിലുണ്ട്. 'തെറി ഇംഗ്ലീഷിലായാല്‍ ആഹാ, മലയാളത്തിലാകുമ്പോള്‍ ഛെ'എന്ന നില ഇരട്ടത്താപ്പാണ്. ഭാഷയുടേയും സംസ്‌ക്കാരത്തിന്റെയും കൂടെയുള്ളതു തന്നെയാണ് തെറികള്‍.

സമൂഹം എന്ന നിലയിലല്ലാത്ത പലതരം കൂട്ടങ്ങള്‍ അരികുകളിലുണ്ട്. വോട്ടില്ലാത്തവര്‍, പൗരര്‍ എന്ന അംഗീകാരമില്ലാത്തവര്‍. അവര്‍ കുറ്റവാളികളായതു കൊണ്ടു മാത്രമല്ല അവിടെ എത്തപ്പെടുന്നത്. അന്വേഷിച്ചു വന്ന പ്രതി ചെയ്ത അതേ കുറ്റം നിയമപാലകനും ചുരുളിയില്‍ ചെയ്യുമ്പോഴാണ്, അയാളും ചുരുളിയില്‍ പെട്ടു പോകുന്നത്.

കുറ്റം ചെയ്തവര്‍ ഒളിച്ചു താമസിക്കുന്ന ഇടമാണ് ചുരുളി എന്നതിനപ്പുറം ആരാണ് കുറ്റവാളി അല്ലാത്തത് എന്ന ചോദ്യം ചുരുളി ഉയര്‍ത്തുന്നു. സമൂഹത്തിന്റെ ഭാഷ ഇങ്ങനെയല്ല എന്നു പറയുമ്പോള്‍, ദാമ്പത്യം അടക്കമുള്ള ഇടങ്ങളില്‍, ഹിംസാത്മകമായി ഉപയോഗിക്കുന്ന ഭാഷ ഏതേന്ന് നാം ചിന്തിച്ചു നോക്കു. അതെന്തായാലും നമ്മുടെ സിനിമകളിലോ, സീരിയലിലോ, പൊതുസദസിലോ പറയുന്ന ആറ്റിക്കുറുക്കിയ പദാവലിയല്ല. മറിച്ച് ചുരുളിയിലേതു പോലെ തന്നെയാണ്. പൊലീസുകാരില്‍ ചിലരടക്കം ഔദ്യോഗിക ഭാഷ പോലെ തെറി ഉപയോഗിക്കുന്ന സമൂഹമാണിത്. ഉന്നതകുല ജാതരെന്നോ, താഴ്ന്നവര്‍ എന്നുള്ള വ്യത്യാസമൊന്നും തെറി വിളിയിലില്ല. എതിരെ നില്‍ക്കുന്നവരെ മാനസികമായി തളര്‍ത്താനും തകര്‍ക്കാനും വാദത്തിലും പെരുമാറ്റത്തിലും ആധിപത്യം ഉപയോഗിക്കാനും തെറി ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ട്, നമ്മുടെ ശീതീകരിച്ച ഓഫീസ് മുറികളിലടക്കം- ഇപ്പോള്‍ തെറി എന്ന നിലയ്ക്ക് വിളിക്കുന്ന ഭാഷ കൂടി ചേര്‍ന്നതാണ് നാം ഘോഷിക്കുന്ന സംസ്‌ക്കാരം.

ചുരുളി തെറിയെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്കുള്ള വേദികള്‍ സൃഷ്ടിച്ചു എന്നത് സമൂഹം എന്ന നിലയ്ക്ക് പ്രധാനമാണ്. തെറിയെ കുറിച്ച് മറച്ചു വെച്ചുള്ള സംസാരങ്ങള്‍ക്കു പകരം തുറന്ന സംസാരം സാധ്യമായല്ലോ. പ്രൈം ടൈം കൗണ്ടര്‍ പോയിന്റുകള്‍ക്ക് മീഡിയയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും അവസരം നല്‍കിയല്ലോ. പ്രചാരത്തിലുള്ള തെറികള്‍ എത്രമാത്രം കുറ്റകരമാണ് എന്നതടക്കമുള്ള ഡിബേറ്റുകള്‍ നടക്കുകയാണല്ലോ.

ലിജോ ഈ സിനിമ തീരുമാനിച്ചപ്പോള്‍ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, സൗബിന്‍ തുടങ്ങി സുപരിചിതരും നവാഗരുമായ അഭിനേതാക്കള്‍ കഥാപാത്രങ്ങളാകാന്‍ എടുത്ത തീരുമാനം ധീരമാണ്. ധീരമായ ഒന്നിനോടൊപ്പം നില്‍ക്കുന്നതും ധീരമാണല്ലോ.

ചുരുളി കാഴ്ചക്കാരുടെ എണ്ണത്തിലും സാമ്പത്തിക നേട്ടത്തിലും വലിയ വിജയമാണ് എന്നറിയുന്നതില്‍ സന്തോഷം. പ്രദര്‍ശനം തുടങ്ങിയ ദിവസം മുതല്‍ sonylivല്‍ ഒന്നാമത്തെ ചിത്രമാണ് ചുരുളി. ഞാനിത് എഴുതുമ്പോഴും ആ ഒന്നാം സ്ഥാനം തുടരുകയാണ്. ഇനിയും കാഴ്ചയെത്താത്ത ഭൂമികകളെ കുറിച്ച് കൂടുതല്‍ സിനിമകള്‍ ഉണ്ടാകാന്‍ ചുരുളിയുടെ വിജയം കാരണമാകും എന്നുറപ്പ്. മറ്റു ഇന്ത്യന്‍ ഭാഷകളിലും സത്യം 'പച്ചക്ക് പറയുന്ന' സിനിമകള്‍ ഉണ്ടാകാന്‍ ചുരുളി കാരണമാകും.നന്ദി ടീം ലിജോ, #ചുരുളി തന്നതിന്.

Follow Us:
Download App:
  • android
  • ios