എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിന്‍റെ അഭിനയമികവില്‍ ഭീമന്‍ സംഭവിക്കുമോ ? സംവിധായകന്‍ വി എ ശ്രീകുമാരമേനോന്‍ മോഹന്‍ലാലിന് അറുപതാം പിറന്നാള്‍ ആശംസിച്ചതോടെ വീണ്ടും ഈ ചോദ്യം ഉയരുകയാണ്. ആരാധകര്‍ ഏറെ കൊതിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. മോഹന്‍ലാല്‍ എംടിയുടെ തിരക്കഥയില്‍ ഭീമനായെത്തുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് വിവാദമായി, കേസായി. 

എന്നാല്‍ മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന്, 'എന്‍റെ ഭീമന്' പിറന്നാള്‍ ആശംസകള്‍ എന്നാണ് ശ്രീകുമാര്‍ മേനോന്‍ കുറിച്ചത്. ''എന്‍റെ ഭീമന്... സഫലമാകുന്ന ആ സ്വപ്നത്തിന്... പിറന്നാള്‍ ആശംസകള്‍'' - വി എ ശ്രീകുമാരമേനോന്‍റെ ഫേസ്ബുക്ക് ആശംസാക്കുറിപ്പ് ഇങ്ങനെയാണ്. മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഒടിയന്‍ സംവിധാനം ചെയ്തത് വി എ ശ്രീകുമാര്‍ മേനോനാണ്.